വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്തത് 8 റണ്‍സിന്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ ചുണക്കുട്ടികള്‍ കിരീടം നേടുന്നത്. ഇത് മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം വനിത പ്രീമിയര്‍ ലീഗ് കിരീടമാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്.
മുംബൈ, ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹി കാപിറ്റല്‍സിന് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍ 66) ഇന്നിംഗ്സാണ് മുംബൈ ഇന്ത്യന്‍സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
അവസാന രണ്ട് ഓവറില്‍ 23 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെയ്ലി മാത്യൂസിന്റെ ആദ്യ പന്തില്‍ നികി പ്രസാദ് ഒരു റണ്‍സെടുത്തു. രണ്ടാം പന്തില്‍ മലയാളി താരം മിന്നു മണി (4) പുറത്ത്. മൂന്നാം പന്തില്‍ ചരനിക്ക് റണ്‍സെടുക്കാനായില്ല. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ നികി സിക്സ് നേടി.
അവസാന ഏഴ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 15 റണ്‍സ്. അവസാന പന്തില്‍ ഒരു റണ്‍ ഓടിയെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് സ്‌കിവര്‍. ആദ്യ പന്തില്‍ നികി ഒരു റണ്‍ നേടി. രണ്ടാം പന്തില്‍ ചരനിയും സിംഗിളെടുത്തു. മൂന്നം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ നികി ഒരു റണ്‍ നേടി. അഞ്ചാം പന്തിലും ഒരു റണ്‍. അവസാന പന്തിലും സ്‌കിവര്‍ വിട്ടുകൊടുത്തത് ഒരു റണ്‍ മാത്രം. ഇതോടെ മുംബൈ വിജയത്തിലേക്ക് എത്തി.
മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. എട്ട് ഓവറില്‍ 44 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. മെഗ് ലാന്നിംഗ് (13), ഷെഫാലി വര്‍മ (4), ജെസ് ജോനാസെന്‍ (13), അന്നാബെല്‍ സതര്‍ലന്‍ഡ് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ജമീമ റോഡ്രിഗസ് (30), കാപ്പ് (40) എന്നിവരുടെ ഇന്നിംഗ്സാണ് ഡല്‍ഹിക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.
നികി പ്രസാദ് (23 പന്തില്‍ പുറത്താവാതെ 25) പ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണ ലഭിച്ചില്ല. സാറ ബ്രെയ്സ് (5), ഷിഖ പാണ്ഡെ (0), മിന്നു മണി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചരനിയും (3) പുറത്താവാതെ നിന്നു. അമേലിയ കെര്‍ രണ്ട് വിക്കറ്റ് നേടി.
നേരത്തെ, ഹര്‍മന്‍പ്രീതിന് പുറമെ നതാലി സ്‌കിവര്‍ ബ്രന്‍ഡ് 30 റണ്‍സെടുത്തു. കമാലിനി(10), അമന്‍ജോത് കൗര്‍ (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. മലയാളി താരം സജന സജീവന്‍ (0) നിരാശപ്പെടുത്തി. ഏഴ് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി.
ഡല്‍ഹിക്ക് വേണ്ടി മരിസാനെ കാപ്പ്, ജെസ് ജോനാസെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഹെയ്ലി മാത്യൂസ് (3), യഷ്ടിക ഭാട്ടിയ (8) എന്നിവരുടെ വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. ഇരുവരും കാപ്പിന്റെ പന്തിലാണ് മടങ്ങുന്നത്.
ഹെയ്ലി ബൗള്‍ഡായപ്പോള്‍, യഷ്ടിക ജമീമ റോഡ്രിഗസിന് ക്യാച്ച് നല്‍കി. പിന്നീട് സ്‌കിവര്‍ - ഹര്‍മന്‍പ്രീത് സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 15-ാം ഓവറില്‍ സ്‌കിവര്‍ മടങ്ങി. ചരനിയുടെ പന്തില്‍ മലയാളി താരം മിന്നു മണിയുടെ തകര്‍പ്പന്‍ ക്യാച്ച്.
പിന്നാലെ മുംബൈയുടെ തകര്‍ച്ചയും ആരംഭിച്ചു. അമേലിയ കെര്‍ (2), സജന (0) എന്നിവര്‍ ജോനാസെന്റെ ഒരോവറില്‍ മടങ്ങി. തുടര്‍ന്ന് ഹര്‍മന്‍പ്രീതും പവലിയനില്‍ തിരിച്ചെത്തി. അന്നാബെല്‍ സതര്‍ലന്‍ഡിന്റെ പന്തില്‍ കാപ്പിന് ക്യാച്ച്. കമാലിനി (10) സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചരനി വിട്ടുകൊടുത്തില്ല. 19-ാം ഓവറില്‍ മടങ്ങി. അമന്‍ജോത് കൗര്‍, സന്‍സ്‌കൃതി ഗുപ്ത (8) എന്നിവര്‍ പുറത്താവാതെ നിന്നു.