രാഹുല്‍ ദ്രാവിഡിന്റെ രാജി സഞ്ജു സാംസണിന് തിരിച്ചടിയാകുമോ? നായകസ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും റിപ്പോര്‍ട്ട്

പരിശീലക സ്ഥാനത്തു നിന്നുള്ള രാഹുല്‍ ദ്രാവിഡിന്റെ രാജി സഞ്ജു സാംസണിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. സഞ്ജു സാംസണിന് നായകസ്ഥാനം നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്(ഐപിഎല്‍) ശേഷം, ദീര്‍ഘകാലമായി ആര്‍ആര്‍ വിശ്വസ്തനായ സഞ്ജു സാംസണ്‍, ഐപിഎല്‍ 2026 ലെ മിനി ലേലത്തിന് മുമ്പ് തന്നെ വിട്ടുകൊടുക്കണമെന്ന് ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടതായുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ ന്നിരുന്നു.

ഇത്തവണത്തെ ഐ.പി.എല്‍ സീസമില്‍ 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രം നേടി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2025 ല്‍ ഒമ്പതാം സ്ഥാനത്തെത്തി. റെവ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാംസണ്‍ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സി.എസ്.കെ) സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെ ടീമിലെടുക്കാന്‍ ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. പിന്നാലെ ടീം വിട്ടുപോകില്ലെന്ന് സഞ്ജുവും മാനേജ് മെന്റും അറിയിച്ചിരുന്നു. എങ്കിലും അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് സഞ്ജു സാംസണിന് തിരിച്ചടിയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ സഞ്ജു സാംസണിന് പരിക്കേറ്റതിന് പിന്നാലെയാണ് അസ്വാരസ്യം ശക്തമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സഞ്ജുവിന് പരിക്കേറ്റതിന് പിന്നാലെ റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ സമ്മതമില്ലാതെയായിരുന്നു നിയമനം എന്നും ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ നാല് ജയത്തോടെ ഒമ്പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങളോടും സഞ്ജുവിന് എതിര്‍പ്പുണ്ടായിരുന്നു. യശസ്വി ജയ് സ്വാളിനെ ക്യാപ്റ്റനാക്കണമെന്നായിരുന്നു സഞ്ജുവിന്റേയും ദ്രാവിഡിന്റേയും ആവശ്യം. ഇത് അംഗീകരിക്കാതിരുന്നതോടെ മാനേജ് മെന്റുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും തന്നെ ടീമില്‍ നിന്നും റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു മുന്നോട്ടുവയ്ക്കുകയും ചെയ്തു.

അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന മിനിലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് സഞ്ജു ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിപ്രായ ഭിന്നത പരിഹരിക്കാനാകാത്ത സാഹചര്യത്തില്‍ റോയല്‍സില്‍ തുടരുകയാണെങ്കില്‍ അടുത്ത സീസണില്‍ സഞ്ജുവിന് ക്യാപ്റ്റന്‍സി ഉണ്ടാകില്ലെന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റോയല്‍സ് മാനേജ് മെന്റിന്റെ ഭാഗത്തുനിന്നും മൂന്നുപേരുകളാണ് ക്യാപ്റ്റന്‍സിക്ക് പരിഗണിച്ചിരുന്നത്. ഒരു വിഭാഗം സഞ്ജു സാംസണ്‍ തന്നെ ക്യാപ്റ്റനാകണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ചിലര്‍ യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെ പിന്തുണക്കുന്നു. വരും മാസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Related Articles
Next Story
Share it