ശ്രേയസ് അയ്യരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ ഉടന്‍ ഇന്ത്യയിലേക്ക്

മികച്ച ചികിത്സ നല്‍കിയതിന് സിഡ്നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിന്‍ഷാ പര്‍ദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിച്ചു




ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ് സിഡ്‌നിയിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശ്രേയസ് അയ്യരെ ഡിസ്ചാര്‍ജ് ചെയ്തു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും യാത്രയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും നിലവിലെ പരിശോധനകള്‍ക്കായി സിഡി നിയില്‍ തുടരുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

അതിനിടെ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബിസിസിഐ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 25 ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യര്‍ക്ക് വയറില്‍ ആഴത്തില്‍ പരിക്കേറ്റു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. ടീം ഡോക്ടര്‍മാരുടെ ഇടപെടലിനെ തുടര്‍ന്ന് രക്തസ്രാവം പെട്ടെന്ന് തന്നെ നിര്‍ത്തി. തുടര്‍ന്ന് തുടര്‍ ചികിത്സകള്‍ക്കായി സിഡിനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ബിസിസിഐ മെഡിക്കല്‍ സംഘവും അദ്ദേഹം സുഖം പ്രാപിച്ചതില്‍ സന്തുഷ്ടരാണ്. ശ്രേയസിന് മികച്ച ചികിത്സ ലഭിച്ചുവെന്ന് ഉറപ്പാക്കിയതിന് സിഡ്നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിന്‍ഷാ പര്‍ദിവാലയ്ക്കും ബിസിസിഐ ഹൃദയംഗമമായ നന്ദി അറിയിച്ചു. തുടര്‍നടപടികള്‍ക്കായി ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരും, യാത്ര ചെയ്യാന്‍ യോഗ്യനാണെന്ന് കണ്ടെത്തിയാല്‍ ഇന്ത്യയിലേക്ക് മടങ്ങും- എന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചത്.

പരിക്കേറ്റതിനെ തുടര്‍ന്ന് നവംബര്‍ 30 ന് നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര അയ്യര്‍ക്ക് നഷ്ടമാകും. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

Related Articles
Next Story
Share it