ഇത് എന്ത് ചോദ്യമാണ്? മാധ്യമ പ്രവര്‍ത്തകനോട് രോഹിത് ശര്‍മ

നാഗ്പൂര്‍: സമീപകാലത്തെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നതിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകനോടുള്ള രോഹിത്തിന്റെ ഈ ചോദ്യം.
രോഹിത്, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാനായിട്ടില്ലെങ്കിലും നിങ്ങളെ ഹിറ്റ് മാനാക്കിയ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ആത്മവിശ്വാസമുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് എന്ത് ചോദ്യമാണ് ഇതെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം.
'ഇത് വേറൊരു ഫോര്‍മാറ്റാണ്, വേറെ കളിയാണ്, ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാനും നിരവധി തവണ അത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ്. ഓരോ ദിവസവും ഓരോ പരമ്പരയും പുതിയ തുടക്കങ്ങളുമാണ്. അതുകൊണ്ട് തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്.
മുമ്പ് എന്ത് സംഭവിച്ചു എന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല. മുന്നിലുള്ള വെല്ലുവിളികളെ എങ്ങനെ ഏറ്റെടുക്കുന്നുവെന്നത് മാത്രമാണ് പ്രധാനം. പരമ്പരയില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നത് എന്നും രോഹിത് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന് നേടാനായത്. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് സ്വയം മാറി നില്‍ക്കുകയും ചെയ്തിരുന്നു.
2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചതുപോലെ ആക്രമണോത്സുക ക്രിക്കറ്റ് തന്നെയാകും ഇംഗ്ലണ്ടിനെതിരെയും കളിക്കുകയെന്നും രോഹിത് പറഞ്ഞു. ടീമില്‍ പരിചയസമ്പന്നരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ കളിക്കണമെന്നും അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും പറയേണ്ട കാര്യമില്ലെന്നും രോഹിത് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് വ്യാഴാഴ്ച നാഗ്പൂരില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.