പ്രശ്‌നങ്ങള്‍ തീരാന്‍ ധോണിയെ വിളിച്ച് സംസാരിക്കൂ! ഐ പി എല്ലില്‍ നഷ്ടമായ ഫോം വീണ്ടെടുക്കാന്‍ റിഷഭ് പന്തിന് ഉപദേശം നല്‍കി വീരേന്ദര്‍ സെവാഗ്
കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള റിഷഭ് പന്തിനെയല്ല ഇപ്പോള്‍ ഗ്രൗണ്ടില്‍ കാണുന്നതെന്നും താരം

ധരംശാല: ഐ പി എല്ലില്‍ നഷ്ടമായ ഫോം വീണ്ടെടുക്കാന്‍ ലക്‌നൗ നായകന്‍ റിഷഭ് പന്തിന് ഉപദേശം നല്‍കി മുന്‍ താരം വീരേന്ദര്‍ സെവാഗ്. താന്‍ കടന്നുപോയ വഴികള്‍ തുറന്നുപറഞ്ഞാണ് വീരേന്ദര്‍ സെവാഗ് റിഷഭ് പന്തിന് ഉപദേശം നല്‍കുന്നത്. പന്തിന്റെ അതേ അവസ്ഥയിലൂടെയാണ് താനും രാജ്യാന്തര കരിയറില്‍ കടന്നു പോയിട്ടുള്ളതെന്നും അന്ന് താന്‍ ആത്മവിശ്വാസം വീണ്ടെടുത്തത് തന്റെ തന്നെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണെന്നും സെവാഗ് പറയുന്നു. ക്രിക് ബസിനോടാണ് സെവാഗിന്റെ ഈ തുറന്നുപറച്ചില്‍.
അതുപോലെ റിഷഭ് പന്ത് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ വീഡിയോ ഒന്നു കൂടി കാണണമെന്നും അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സെവാഗ് ചൂണ്ടിക്കാട്ടി. നമ്മള്‍ പതിവായി ചെയ്യുന്ന പലകാര്യങ്ങളും പലപ്പോഴും മറക്കും. കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പുള്ള റിഷഭ് പന്തിനെയല്ല ഇപ്പോള്‍ ഗ്രൗണ്ടില്‍ കാണുന്നതെന്നും സെവാഗ് വ്യക്തമാക്കി.
2006-2007 കാലഘട്ടത്തില്‍ രാജ്യാന്തര കരിയറില്‍ ഞാനും ഇത്തരം മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. അന്ന് ഞാന്‍ ഇന്ത്യന്‍ ടീമില്‍ നിന്നുവരെ പുറത്തായി. അന്ന് എന്നോട് രാഹുല്‍ ദ്രാവിഡ് ആണ് ഇതേ ആശയം പറഞ്ഞത്. ഫോമിലുള്ളപ്പോള്‍ പതിവായി ചെയ്യാറുള്ള എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ ഒഴിവാക്കിയതെന്നായിരുന്നു രാഹുല്‍ ചോദിച്ചത്.
കാരണം നമ്മള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ പതിവായി ചെയ്യുന്ന പലകാര്യങ്ങളും മറക്കും. അത് പലപ്പോഴും നമ്മുടെ സ്‌കോറിംഗിനെയും ബാധിക്കും. അന്ന് എന്റെ തന്നെ മികച്ച പ്രകടനങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കണ്ടാണ് ഞാന്‍ ആത്മവിശ്വാസം വീണ്ടെടുത്തത് എന്നും സെവാഗ് പറഞ്ഞു.
അതുപോലെ റിഷഭ് പന്തിന് ചെയ്യാവുന്ന മറ്റൊരു കാര്യം മൊബൈല്‍ കൈയിലുണ്ടെങ്കില്‍ അതെടുത്ത് ആരെയെങ്കിലും വിളിച്ച് സംസാരിക്കുക എന്നതാണെന്നും സെവാഗ് വ്യക്തമാക്കി. നെഗറ്റീവായ ചിന്തകളെ മാറ്റാന്‍ കഴിയുന്ന നിരവധി മുന്‍താരങ്ങളുണ്ട്. അത്തരത്തില്‍ ആരെയെങ്കിലും വിളിച്ച് സംസാരിച്ചാല്‍ തന്നെ അവന്റെ പകുതി പ്രശ്‌നങ്ങളും തീരും. ധോണിയാണ് റിഷഭിന്റെ റോള്‍ മോഡല്‍. അതുകൊണ്ട് തന്നെ ധോണിയെ വിളിച്ച് സംസാരിക്കാന്‍ സെവാഗ് നിര്‍ദേശിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ പറ്റിയ ആള്‍ ധോണിയാണ്. ധോണിയുമായി സംസാരിക്കുന്നത് അവന്റെ സമ്മര്‍ദ്ദം അകറ്റുമെന്നും സെവാഗ് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളാരും കൂടെയില്ലാത്തതാകാം പന്തിന്റെ മോശം പ്രകടനങ്ങള്‍ക്കുള്ള ഒരു കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. പന്തിനുചുറ്റുമുള്ളത് നാല് രാജ്യാന്തര താരങ്ങളാണെന്നും അതുകൊണ്ട് തന്നെ പന്തുമായി അടുത്ത സൗഹൃദമുള്ള ആരുടെയെങ്കിലും സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ മോശം അവസ്ഥ മറികടക്കാന്‍ അവനാവുമായിരുന്നുവെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടുന്നു.
ഐപിഎല്ലില്‍ 11 ഇന്നിംഗ്‌സുകളില്‍ 128 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന്റെ ഈ സീസണിലെ സമ്പാദ്യം. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ പന്തിന്റെ പ്രഹരശേഷി 99.22 മാത്രമാണ്.