കോഹ്ലിക്കൊപ്പം ലോകകപ്പ് വിജയം.. വിരമിക്കല്‍ പ്രഖ്യാപനം.. പിന്നാലെ വീണ്ടും ജോലിയിലേക്ക്
വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിദ്ധാര്‍ത്ഥ് കൗള്‍ ജോലിയില്‍ പ്രവേശിച്ചു
2008ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ പ്രധാന ടീമംഗമായിരുന്ന സിദ്ധാര്‍ത്ഥ് കൗള്‍ ക്രിക്കറ്റിലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എസ്.ബി.യില്‍ ജോലിയില്‍ പ്രവേശിച്ചു.2017 മുതല്‍ സിദ്ധാര്‍ത്ഥ് എസ്.ബി.ഐ യിലാണ്. പിന്നീടാണ് ക്രിക്കറ്റില്‍ സജീവമായത്. 34കാരനായ ഫാസ്റ്റ് ബൗളര്‍ സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് തവണ അന്താരാഷ്ട്ര ഏകദിനത്തലും മൂന്ന് തവണ ട്വന്റി-20യിലും ഇന്ത്യയെ പ്രതീനിധീകരിച്ചു. ക്രിക്കറ്റ് താര പദവിയില്‍ നിന്ന് സിദ്ധാര്‍ത്ഥ് കൗള്‍ ഇനി എസ്.ബി.ഐ ഉദ്യോഗസ്ഥനാവും. ഇന്ത്യയില്‍ തന്നെ കരിയറിനുള്ള സമയമായെന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് കൗള്‍ എക്‌സില്‍ കുറിച്ചു. എനിക്കായി വഴി കാണിച്ച തന്ന ദൈവത്തിന് നന്ദി പറയുന്നു. പിന്തുണച്ച ആരാധകര്‍ക്കും പരിക്കുകള്‍ക്കും വീഴ്ചകള്‍ക്കുമിടയില്‍ ആത്മവിശ്വാസം തന്ന രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി പറയുന്നു. ഒരു ചെറിയ കുട്ടിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്ന ബിസിസിഐ ക്കും നന്ദി പറയുന്നുവെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.
ചണ്ഡീഗഡിലെ എസ്.ബി.ഐ സെക്ടര്‍ 17 ലാണ് സിദ്ധാര്‍ത്ഥ് ജോലി ചെയ്യുന്നത്. വിരാട് കോഹ്ലി നയിച്ച 2008ലെ അണ്ടര്‍ 19 ലോകകപ്പിന്റെ ഭാഗമായിരുന്ന സിദ്ധാര്‍ത്ഥ് കൗളിനൊപ്പം പ്രമുഖരായ രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, പ്രദീപ് സംഗ്വാന്‍ , സൗരഭ് തിവാരി എന്നിവരും ഉള്‍പ്പെട്ടിരുന്നു. നാട്ടില്‍ പഞ്ചാബിന് വേണ്ടി 88 ഫസ്റ്റ് ക്ലാസ് മാച്ചുകളിലായി 297 വിക്കറ്റെടുത്തു. 145 ട്വന്റി-20 മാച്ചുകളിലായി 182 വിക്കറ്റുകളും സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 87 മാച്ചുകളിലായി 120 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയില്‍ 155 വിക്കറ്റും സിദ്ധാര്‍ത്ഥ് നേടി. ഐ.പി.എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളെ പ്രതീനിധീകരിച്ച് ക്രീസിലിറങ്ങി. കഴിഞ്ഞ മാസം റോഹ്തകില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാനക്കെതിരായ മത്സരത്തില്‍ പഞ്ചാബ് ടീമില്‍ മത്സരിച്ചതായിരുന്നു സിദ്ധാര്‍ത്ഥിന്റെ അവസാന കളി.