റീപ്ലേയില്‍ പുറത്തായെന്ന് കണ്ട കോലിയുടെ പ്രതികരണം വൈറല്‍; ജോസ് ബട്‌ലറോടുള്ള കട്ടകലിപ്പില്‍ ആരാധകര്‍

കട്ടക്ക്: കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്തായ ഇന്ത്യന്‍ താരം വിരാട് കോലിയുടെ പ്രതികരണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഔട്ടാണെന്ന് റീപ്ലേകളില്‍നിന്ന് വ്യക്തമായപ്പോഴാണ് കോലി അവിശ്വനീയമായ പ്രതികരണം നടത്തിയത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആണ് റിവ്യൂ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തേഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് കോലി പുറത്താണെന്ന് വ്യക്തമായത്. കോലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയതെന്ന് റീപ്ലേയില്‍ വ്യക്തമാണ്. ഇതോടെ അവിശ്വസനീയതോടെ കോലി ചുണ്ടു കോട്ടുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

മത്സരത്തില്‍ വണ്‍ഡൗണായി ബാറ്റിങ്ങിനെത്തിയ വിരാട് കോലി, എട്ടു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കാല്‍മുട്ടിന് നീര്‍ക്കെട്ട് വന്നതിനെ തുടര്‍ന്ന് ഒന്നാം ഏകദിനത്തില്‍ കോലി കളിച്ചിരുന്നില്ല. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഇംഗ്ലണ്ട് പരമ്പര എന്നിരിക്കെയാണ് കോലി ചെറിയ സ്‌കോറില്‍ പുറത്തായത്.

ആദില്‍ റഷീദ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാം പന്തിലാണ് വിരാട് കോലിയുടെ വിക്കറ്റിനായി ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീലുമായി അംപയറെ സമീപിച്ചത്. കോലിയുടെ ബാറ്റില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത് എന്ന വാദം ഉന്നയിക്കുകയും ചെയ്തു. അംപയര്‍ അപ്പീല്‍ നിരസിച്ചെങ്കിലും, വിക്കറ്റ് കീപ്പര്‍ ഫിലിപ് സോള്‍ട്ട് ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനോട് അഭ്യര്‍ഥിക്കുകയായിരുന്നു.

തുടര്‍ന്ന് തേഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തും മുന്‍പ് കോലിയുടെ ബാറ്റില്‍ തട്ടിയതായി വ്യക്തമായത്. ബാറ്റിലെ നേരിയ 'സ്‌പൈക്ക്' കണ്ട് കോലി പോലും അമ്പരന്നു പോയി. അതേസമയം, വിരാട് കോലി പുറത്തായതിന് പിന്നാലെ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലറിനെതിരെ രൂക്ഷ വിമര്‍ശനമാണ് താരത്തിന്റെ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന കോലിയുടെ ശ്രദ്ധ തെറ്റിച്ചത് ജോസ് ബട്‌ലറാണെന്നാണ് ആരാധകരുടെ വാദം.

കോലിയുടെ വിക്കറ്റ് നഷ്ടമാകുന്നതിന് തൊട്ടുമുന്‍പുള്ള പന്തില്‍, ജോസ് ബട്‌ലര്‍ ഫീല്‍ഡ് ചെയ്ത ശേഷം തിരിച്ചെറിഞ്ഞ പന്ത് കോലിയുടെ ദേഹത്ത് കൊണ്ടിരുന്നു. വേദനകൊണ്ട് പുളഞ്ഞ കോലിയോട് ബട്‌ലര്‍ ഉടന്‍തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ആദ്യം കോപം ഇരച്ചുകയറിയെങ്കിലും ഉടന്‍തന്നെ താരം ചിരിയോടെ ബട്‌ലറിന്റെ ക്ഷമാപണത്തോട് പ്രതികരിച്ചിരുന്നു. പിന്നീട് കോലി പുറത്തായതിന് പിന്നാലെ ആരാധകര്‍ ബട്‌ലറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തി.

Related Articles
Next Story
Share it