ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്.
എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്നായിരുന്നു ബിസിസിഐയുടെ അഭ്യര്‍ത്ഥന. ബിസിസിഐ ഉന്നതര്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്നാണ് ഇപ്പോള്‍ കോലി ടെസ്റ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ്, കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലി കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്.
കോലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:
'ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യയുടെ ബാഗി ബ്ലൂ ജേഴ്‌സി ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍ ഈ യാത്ര എന്നെ ഇത്രയും ദൂരം കൊണ്ടുപോകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന പോരാട്ടങ്ങള്‍, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങള്‍, അതെല്ലാം എന്നെന്നേക്കും എന്നോടൊപ്പമുണ്ടാകും. ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ ഇപ്പോള്‍ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.
എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്‍കി. ഞാന്‍ പ്രതീക്ഷിച്ചതിലുമേറെ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നല്‍കി. ഈ കളിയോടും എന്റെ സഹതാരങ്ങളോടും ഈ യാത്രയില്‍ ഞാന്‍ കണ്ട ഓരോ വ്യക്തിയോടും നന്ദി പറയുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ മടങ്ങുന്നത്. എന്റെ ടെസ്റ്റ് കരിയറിലക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെയായിരിക്കും തിരിഞ്ഞുനോക്കുക- എന്ന് കോലി കുറിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ് മെന്റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തു പോകുന്ന പന്തുകളിലെ ബലഹീനത എതിരാളികള്‍ മുതലെടുത്തിരുന്നു.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ് സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.
2015ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്കുവെച്ച് എം എസ് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റനാവേണ്ടിവന്ന കോലി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായി വളര്‍ന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍പ്പെടുന്ന കോലി, ടെസ്റ്റില്‍ 121 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. നായകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത പുതിയൊരു അധ്യായം കൂട്ടിച്ചേര്‍ത്താണ് കോലി വിരമിക്കുന്നത്.
കോലി നയിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. തോറ്റത് 17 ടെസ്റ്റുകളില്‍ മാത്രം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനവും കോലിക്കു തന്നെ. മഹേന്ദ്രസിങ് ധോണി നയിച്ച 60 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് 27 എണ്ണത്തിലാണ്. സൗരവ് ഗാംഗുലി നയിച്ച 49 ടെസ്റ്റുകളില്‍ 21 എണ്ണത്തിലും ഇന്ത്യ ജയിച്ചു.
രാജ്യാന്തര ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള നായകന്‍മാരില്‍ നാലാമനാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് (109 ടെസ്റ്റുകളില്‍നിന്ന് 53 വിജയം), റിക്കി പോണ്ടിങ് (77 ടെസ്റ്റുകളില്‍നിന്ന് 48 വിജയം), സ്റ്റീവ് വോ (57 ടെസ്റ്റില്‍നിന്ന് 41 ജയം) എന്നിവര്‍ മാത്രം മുന്നില്‍.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലി ഈ വര്‍ഷം ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും സാന്നിധ്യമായി ഉണ്ടാകുക.