രഞ്ജി ട്രോഫി; മത്സരം സമനിലയില്‍; വിദര്‍ഭയ്ക്ക് മൂന്നാം കിരീടം; ലക്ഷ്യത്തിലേക്കെത്താതെ കേരളം

നാഗ്പുര്‍: രഞ്ജി ട്രോഫിയിലെ കന്നി ഫൈനലെന്ന ചരിത്രനേട്ടത്തിലെത്തിയ കേരളത്തിന് എന്നാല്‍ കന്നിക്കിരീടം നേടുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായില്ല. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കിരീടം സ്വന്തമാക്കി വിദര്‍ഭ.

ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു വിദര്‍ഭക്ക്. രണ്ടാം ഇന്നിംഗ്സിലെ സ്‌കോര്‍ കൂടിയായപ്പോള്‍ 412 റണ്‍സ് ലീഡായി. ദര്‍ശന്‍ നാല്‍കണ്ഡെ (51), യാഷ് താക്കൂര്‍ (8) എന്നിവര്‍ പുറത്താകാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെയാണ് ക്യാപ്റ്റന്‍ സമനിലയ്ക്ക് സമ്മതിച്ചത്.

അവസാന ദിനം രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റുകള്‍ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റില്‍ വിദര്‍ഭയുടെ പ്രതിരോധം ഒരിക്കല്‍ക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ കേരളം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്. സ്‌കോര്‍: വിദര്‍ഭ 379 &; 375/9, കേരളം 342.

ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെയും സെമിഫൈനലില്‍ കരുത്തരായ ഗുജറാത്തിനെതിരെയും അനുഗ്രഹമായി മാറിയ ഒന്നാം ഇന്നിങ്‌സ് ലീഡാണ്, ആവേശം വാനോളമുയര്‍ന്ന കലാശപ്പോരില്‍ കേരളത്തിന് എതിരായതെന്നത് വൈരുധ്യമായി.

ഒന്നാം ഇന്നിങ്‌സില്‍ ലീഡു പിടിക്കാനുള്ള അവസരമുണ്ടായിട്ടും അശ്രദ്ധമായ ഷോട്ടുകളിലൂടെ അതു നഷ്ടമാക്കിയ കേരള താരങ്ങള്‍ക്ക്, കയ്യെത്തും ദൂരെ നഷ്ടമാക്കിയ രഞ്ജി കിരീടത്തെയോര്‍ത്ത് പരിതപിക്കുകയേ നിവൃത്തിയുള്ളൂ. എങ്കിലും, ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് കരുത്തരായ വിദര്‍ഭയ്ക്കെതിരെ കടുത്ത പോരാട്ടം നടത്താനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ കേരള ടീമിന് തലയുയര്‍ത്തി തന്നെ നാട്ടിലേക്ക് മടങ്ങാം.

മത്സരം ഏറെക്കുറെ കൈവിട്ട മട്ടിലാണ് അവസാന ദിനം കളത്തിലിറങ്ങിയതെങ്കിലും, ആവേശകരമായ നിമിഷങ്ങള്‍ക്ക് ഒരു ഘട്ടത്തിലും പഞ്ഞമുണ്ടായില്ല. നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക്, അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. സെഞ്ചുറിയുമായി രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ നട്ടെല്ലായി മാറിയ മലയാളി താരം കരുണ്‍ നായരുടെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം രഞ്ജി കിരീടമെന്ന വിദൂര സാധ്യതയിലേക്ക് ആദ്യ ചുവടുവച്ചത്. 295 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 135 റണ്‍െസടുത്തായിരുന്നു കരുണിന്റെ മടക്കം.

കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ചുറിയാണിത്.

ആദിത്യ സര്‍വാതേയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റംപ് ചെയ്താണു കരുണ്‍ നായരെ പുറത്താക്കിയത്. അക്ഷര്‍ വഡ്കറിനെ സര്‍വാതേ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ഏദന്‍ ആപ്പില്‍ ടോമിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി ഹര്‍ഷ് ദുബെയും മടങ്ങി.

പിന്നീട് അക്ഷയ് കര്‍നേവാറും ദര്‍ശന്‍ നല്‍കണ്ഡെയും ചേര്‍ന്ന് 124 പന്തുകള്‍ പ്രതിരോധിച്ചു നിന്നതോടെയാണ് അവസാന ദിവസം കേരളത്തിന്റെ സാധ്യതകള്‍ പ്രതിരോധത്തിലായത്. ഇത്രയും പന്തുകള്‍ ചെറുത്തുനിന്ന വിദര്‍ഭ ബാറ്റര്‍മാര്‍ അടിച്ചത് 48 റണ്‍സ് മാത്രം. സ്‌കോര്‍ 331ല്‍ നില്‍ക്കെ കര്‍നേവാറിനെ ബേസില്‍ ബൗള്‍ഡാക്കിയത് കേരളത്തെ വീണ്ടും മത്സരത്തിലേക്കു തിരികെയെത്തിച്ചു.

പിന്നാലെ അവസാന വിക്കറ്റില്‍ യഷ് താക്കൂറിനെ കൂട്ടുപിടിച്ച് നാല്‍കണ്ഡെ വിദര്‍ഭയുടെ ലീഡ് 400ന് അപ്പുറമെത്തിച്ചു. എന്നാല്‍ നചികേത് ഭൂതെ കേരളത്തിന് വെല്ലുവിളിയുയര്‍ത്താതെ മടങ്ങി.

നാലാം ദിനം ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73), യഷ് റാത്തോഡ് (24) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകളെടുക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. രെഖാതെ, ജലജിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നീട് മലേവാര്‍ - കരുണ്‍ സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ യഷ് റാത്തോഡും (24) മടങ്ങി. ആദിത്യ സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതിനിടെ 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്‍കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളയുകയും ചെയ്തിരുന്നു. സര്‍വാതെ നാല് വിക്കറ്റ് വീഴ്ത്തി. എം ഡി നിധീഷ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഒരോ വിക്കറ്റ് നേടി.

നേരത്തെ, സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്.

Related Articles
Next Story
Share it