സച്ചിനെ എങ്ങനെയാണോ പൊതിഞ്ഞുപിടിച്ചത് അതുപോലെ വൈഭവിനെയും പൊതിഞ്ഞു പിടിക്കണം; ബിസിസിഐ ക്ക് ഗ്രെഗ് ചാപ്പലിന്റെ മുന്നറിയിപ്പ്
യുവ ക്രിക്കറ്റ് കളിക്കാരെ അമിതമായി പ്രചാരണം ചെയ്യുന്നതിന്റെ അപകടസാധ്യതകള്‍ അദ്ദേഹം എടുത്തു പറഞ്ഞു

സിഡ്‌നി: രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസ്സുള്ള അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെ സംരക്ഷിക്കാനും വളര്‍ത്താനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കര്‍ശന മുന്നറിയിപ്പ് നല്‍കി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരനും മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ചുമായ ഗ്രെഗ് ചാപ്പല്‍. യുവതാരത്തിന് തന്റെ പൂര്‍ണ്ണ ശേഷി കൈവരിക്കാന്‍ സഹായിക്കുന്നതിന് സുരക്ഷിതവും പിന്തുണ നല്‍കുന്നതുമായ ഒരു അന്തരീക്ഷം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചാപ്പല്‍ എടുത്ത് പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റെക്കോര്‍ഡ് സെഞ്ച്വറിക്ക് ശേഷം എല്ലാ ക്രിക്കറ്റ് സംഭാഷണങ്ങളുടെയും കേന്ദ്രബിന്ദുവാണ് സൂര്യവംശി. ഈ നേട്ടം വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താതെ അത്തരം അപൂര്‍വ പ്രതിഭകളെ എങ്ങനെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നുവന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ശിയെ ഇനിയും ഉയരങ്ങളിലെത്താന്‍ വേണ്ട പ്രോത്സാഹനം നല്‍കാന്‍ ബിസിസിഐ ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് ഗ്രെഗ് ചാപ്പല്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതിഹാസ താരമായത് വെറും പ്രതിഭ കൊണ്ട് മാത്രമല്ലെന്നും അദ്ദേഹത്തെ പിന്തുണക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന ആളുകളും കുടുംബവുമെല്ലാം ഉണ്ടായതുകൊണ്ടാണെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.
സച്ചിനെ എങ്ങനെയാണോ പൊതിഞ്ഞുപിടിച്ചത് അതുപോലെ വൈഭവിനെയും ബിസിസിഐ പൊതിഞ്ഞു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുദ്ധിമാനായ കോച്ചും കുടുംബത്തിന്റെയും സഹതാരങ്ങളുടെയും എല്ലാം പിന്തുണയും സംരക്ഷണവും ഉള്ളതുകൊണ്ടാണ് കൗമാരക്കാരനായ സച്ചിന്‍ ബാറ്റിംഗ് ഇതിഹാസമായി വളര്‍ന്നത്. എന്നാല്‍ സച്ചിനേക്കാള്‍ പ്രതിഭയുണ്ടായിട്ടും വിനോദ് കാംബ്ലി എവിടെയുമെത്തിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സന്തുലനം പാലിക്കാന്‍ കഴിയാതിരുന്നതാണ് കാംബ്ലിക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞു . പൃഥ്വി ഷായും അതേപോലെ അത്ഭുതപ്പെടുത്തിയശേഷം അപ്രത്യക്ഷനായ കളിക്കാരനാണെന്നും ഗ്രെഗ് ചാപ്പല്‍ ചൂണ്ടിക്കാട്ടി. ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തിലൂടെയാണ് ചാപ്പല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിനോദ് കാംബ്ലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. എന്നാല്‍ സച്ചിന്‍ എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളായി മാറിയപ്പോള്‍ വിനോദ് കാംബ്ലി വിസ്മൃതിയിലേക്ക് വീണുപോയെന്നും അതുകൊണ്ട് തന്നെ ബിസിസിഐ വളരെ കരുതലോടെ വൈഭവിനെ കൈകാര്യം ചെയ്യണമെന്നും ചാപ്പല്‍ നിര്‍ദേശിച്ചു.
യുവ ക്രിക്കറ്റ് കളിക്കാരെ അമിതമായി പ്രചാരണം ചെയ്യുന്നതിന്റെ അപകടസാധ്യതകള്‍ അദ്ദേഹം എടുത്തുകാണിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെയും 2018 അണ്ടര്‍ 19 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി - ഇരുവരും വലിയ വാഗ്ദാനങ്ങളോടെയാണ് തുടങ്ങിയതെങ്കിലും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സൂക്ഷ്മപരിശോധനയില്‍ അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പാടുപെട്ടു.
ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ 14കാരന്‍ വൈഭവ് സൂര്യവന്‍ശി ഐപിഎലില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചാണ് തുടങ്ങിയത്. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് ഐപിഎലിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
സെഞ്ച്വറിയടിച്ചശേഷം അടുത്ത മത്സരത്തില്‍ മുംബൈക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ വൈഭവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വൈഭവിന് ഇപ്പോള്‍ ലഭിക്കുന്ന അളവറ്റ പ്രശസ്തിയില്‍ നിന്നും മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി എത്തിയതാണ് വൈഭവ്. അരങ്ങേറ്റ മത്സരം തന്നെ റെക്കോഡ് നേട്ടത്തിലെത്തി. ഐപിഎല്‍ മെഗാ ലേലത്തില്‍ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് ആര്‍ആര്‍ സ്വന്തമാക്കിയത്.