എല്ലാ കണ്ണുകളും വൈഭവിന് മേല്‍; അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സൂര്യവന്‍ഷിക്ക് കളിക്കാന്‍ കഴിയുമോ? ഐസിസി കനിയുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

ഐസിസി അംഗീകരിച്ചാല്‍ ടി20 ലോകകപ്പിന് മുമ്പ് വൈഭവിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കും

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഐപിഎലില്‍ ആരാധകരുടെ ചര്‍ച്ചവിഷയമായത് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവന്‍ഷി നേടിയ റെക്കോര്‍ഡ് വിജയമാണ്. വെറും 14 വയസ് മാത്രം പ്രായമുള്ള വൈഭവ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയതാണ് ആരാധകരെ അമ്പരപ്പിച്ചത്.

ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് ഈ മത്സരത്തില്‍ വൈഭവ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും രാജസ്ഥാന്റെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

കുട്ടിത്തം മാറാത്ത വൈഭവിന്റെ കളിക്കളത്തിലെ ഓരോ നീക്കവും പ്രശംസിക്കപ്പെടേണ്ടത് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആരാധകരില്‍ ഒരു ചോദ്യം ഉയരുകയും ചെയ്തു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വൈഭവിന് കളിക്കാന്‍ കഴിയുമോ എന്നതാണ് ആ ചോദ്യം.

എന്നാല്‍ വൈഭവിന്റെ പ്രായം ആരാധകരില്‍ സംശയം ഉളവാക്കുന്നു. 14 വയസും 34 ദിവസവുമാണ് ഇപ്പോള്‍ വൈഭവിന്റെ പ്രായം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്റെ സമയമാകുമ്പോള്‍ വൈഭവിന് 15 വയസ് തികയില്ല.

ഈ സാഹചര്യത്തില്‍ 2020ല്‍ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം 15 വയസ് പൂര്‍ത്തിയാകാത്ത ഒരു കളിക്കാരന് അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാകാന്‍ കഴിയില്ല. അടുത്ത വര്‍ഷം മാര്‍ച്ച് 27നാണ് വൈഭവിന്റെ 15-ാം പിറന്നാള്‍. അതിനാല്‍ വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി നിയമപ്രകാരം സാധിക്കില്ല.

എന്നാല്‍ ഒരു കളിക്കാരന്‍ 15 വയസ് തികയുന്നതിന് മുമ്പ് മതിയായ മത്സര പരിചയം, മാനസികമായ പക്വത, ശാരീരിക ക്ഷമത എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ കളിക്കാരന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍, വൈഭവ് സൂര്യവന്‍ഷിയുടെ കാര്യത്തില്‍ അനുമതി തേടാന്‍ ബിസിസിഐ ഐസിസിയെ സമീപിക്കണം. ഐസിസി അംഗീകരിച്ചാല്‍ മാത്രമേ ടി20 ലോകകപ്പിന് മുമ്പ് വൈഭവിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കൂ.

Related Articles
Next Story
Share it