കളരിപ്പയറ്റ് ഇനി സ്‌കൂള്‍ കായിക മേള ഇനം;അടുത്ത വര്‍ഷം മുതലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: അടുത്ത കേരള സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ വ്യക്തമാക്കി. അടുത്ത സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി തിരുവനന്തപുരം ആണ്. മേളയില്‍ കളരിപ്പയറ്റ് അണ്ടര്‍ 14 , 17, 19 വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സര ഇനമായി ഉള്‍പ്പെടുത്തുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പി.ടി ഉഷ അധ്യക്ഷയായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒളിച്ചുകളിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.