കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ 'സാംസണ്‍ ബ്രദേഴ്‌സ്' നയിക്കും

ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ അനുജന്‍ കളിക്കാനിറങ്ങുന്നത് ഇതാദ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ(കെസിഎല്‍) പുതിയ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ 'സാംസണ്‍ ബ്രദേഴ്‌സ്' നയിക്കും. ചേട്ടന്‍ സാലി സാംസണ്‍ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രാജ്യാന്തര താരമായ അനുജന്‍ സഞ്ജു സാംസണ്‍. വലംകൈ പേസറായ സാലി കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു.

സൂപ്പര്‍ താരമായ സഞ്ജുവിനെ അതേ പാളയത്തിലേക്ക് ഇത്തവണ ടീം എത്തിച്ചത് കെസിഎലിലെ റെക്കോര്‍ഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ്. സഹോദരന്‍ സാലിയെ 75,000 ലക്ഷം രൂപയ്ക്ക് വാങ്ങി. ഒരുമിച്ചു കളിച്ചുവളര്‍ന്ന സാലിയും സഞ്ജുവും മുന്‍പ് കേരളത്തിന്റെ അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതില്‍ ഒരുവര്‍ഷം അണ്ടര്‍ 19 ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. പക്ഷേ ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ അനുജന്‍ കളിക്കാനിറങ്ങുന്നത് ഇതാദ്യം.

അണ്ടര്‍ 15 മുതല്‍ അണ്ടര്‍ 25 വരെയുള്ള കേരള ടീമുകളില്‍ കളിച്ചിട്ടുള്ള സാലി അണ്ടര്‍ 16 ദേശീയ സൗത്ത് സോണ്‍ ടീമിലും ഇടം നേടിയിരുന്നു. ഏജീസ് ഓഫിസില്‍ സീനിയര്‍ ഓഡിറ്ററും ഏജീസ് ടീമിലെ മുഖ്യ ബോളറുമാണ്. സഞ്ജുവിന്റെ ആദ്യ കെസിഎല്‍ സീസണാണിത്.

ചേട്ടന്റെ ക്യാപറ്റന്‍സിയില്‍ കളിക്കുന്നതിലുള്ള സന്തോഷം സഞ്ജു പങ്കുവച്ചത് ഇങ്ങനെ:

'അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കാരണം ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ട് വളരെക്കാലമായി. ഇപ്പോള്‍ അതിനുള്ള അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്,' എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

Related Articles
Next Story
Share it