CRITICIZED | കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള പരാജയം: രാജസ്ഥാന്‍ റോയല്‍സിനെതിരെ വിമര്‍ശനവുമായി ന്യൂസിലന്‍ഡ് മുന്‍ താരം

ഗുവാഹത്തി: കഴിഞ്ഞദിവസം നടന്ന ഐ പി എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളുമായി ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരും. എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മുട്ടുകുത്തിയത്.
152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.
22 റണ്‍സുമായി അംഗ്രിഷ് രഘുവംശി ഡി കോക്കിനൊപ്പം വിജയത്തില്‍ പങ്കാളിയായി. രണ്ട് കളികളില്‍ രാജസ്ഥാന്റെ രണ്ടാം തോല്‍വിയും കൊല്‍ക്കത്തയുടെ ആദ്യ ജയവുമാണിത്. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് രാജസ്ഥാന്‍ തുടരുമ്പോള്‍ ജയത്തോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് കയറി. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 151-9, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 17.3 ഓവറില്‍ 153-2.
രാജസ്ഥാന്‍ റോയല്‍സ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ, ടീമിന്റെ തന്ത്രങ്ങള്‍ക്കെതിരെ ആരാധകരും രംഗത്തെത്തി. 11 കോടി രൂപ മുടക്കി നിലനിര്‍ത്തിയ ഷിമ്രോണ്‍ ഹെറ്റ് മിയറിനെ ബാറ്റിങ് ക്രമത്തില്‍ എട്ടാമത് ഇറക്കിയതാണ് സൈമണ്‍ ഡൂളിനെ പ്രകോപിപ്പിച്ചത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണിട്ടും വിന്‍ഡീസ് ബാറ്ററെ എന്തിനാണ് അവസാന ഓവറുകളിലേക്ക് 'ഒളിപ്പിച്ചതെന്ന്' ആണ് സൈമണ്‍ ഡൂളിന്റെ ചോദ്യം.
ഹെറ്റ് മിയറിന്റെ ബാറ്റിങ് മികവിന് വേണ്ടിയാണ് രാജസ്ഥാന്‍ ഇത്രയും തുക മുടക്കിയതെന്നും, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്ന ബാറ്ററാണ് ഹെറ്റ് മിയറെന്നുമാണ് സൈമണ്‍ ഡൂളിന്റെ വാദം. 'എന്തിനാണ് ഹെറ്റ് മിയറെ ഇങ്ങനെ സംരക്ഷിച്ച് നിര്‍ത്തുന്നത് എന്നും എത്ര രൂപയ്ക്കാണ് അദ്ദേഹത്തെ നിലനിര്‍ത്തിയത് എന്നും ഡൂള്‍ ചോദിച്ചു. 11 കോടി രൂപ മുടക്കി നിലനിര്‍ത്തിയ അദ്ദേഹം ഗയാനയില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ് ബാറ്റു ചെയ്യുന്നത്.
എന്നാല്‍ ഇവിടെ എട്ടാം സ്ഥാനത്താണ്. ഇംപാക്ട് സബ്ബിനെ ഇറക്കുന്നതിന് മുന്‍പെങ്കിലും നിങ്ങളുടെ കയ്യിലുള്ള ബാറ്ററെ കളിപ്പിക്കേണ്ടതാണ്. ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ തന്ത്രങ്ങള്‍ വളരെ മോശമാണ്. പല തന്ത്രങ്ങളും തീരുമാനങ്ങളും എനിക്ക് ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കാത്തതാണ്' - എന്നും ഡൂള്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.
'ഹെറ്റ്മിയര്‍ നേരത്തേ വന്ന് കുറച്ചു റണ്‍സ് നേടി, ധ്രുവ് ജുറേലിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് ശുഭം ദുബെയുടെ ആവശ്യം പോലുമില്ല. 12 പന്തില്‍ ഒന്‍പത് റണ്‍സെടുക്കുന്നത് ഒരു തരത്തിലും ഇംപാക്ട് ഉണ്ടാക്കില്ല. പിന്നീട് ആര്‍ച്ചറും വന്ന് സിക്‌സുകള്‍ അടിക്കുന്നു.
ഇംപാക്ട് സബ് ഇറങ്ങുന്നതിന് മുന്‍പ് ഹെറ്റ് മിയറും ആര്‍ച്ചറും ബാറ്ററായി കളിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു സ്പിന്‍ ബോളറെ കൂടി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു-' എന്നും സൈമണ്‍ ഡുള്‍ പറഞ്ഞു.
അവസാന നാലോവറില്‍ 27 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയാണ് ലക്ഷ്യത്തിലെത്തിയത്. എട്ട് ഫോറും ആറ് സിക്‌സും പറത്തിയാണ് ഡി കോക്ക് കൊല്‍ക്കത്തയെ ഒറ്റക്ക് വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 2.3 ഓവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
പവര്‍ പ്ലേയില്‍ കരുതലോടെ തുടങ്ങിയ കൊല്‍ക്കത്ത 41 റണ്‍സായിരുന്നു നേടിയത്. പവര്‍ പ്ലേക്ക് പിന്നാലെ മൊയീന്‍ അലിയെ(12 പന്തില്‍ 5) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും(15 പന്തില്‍ 18) കൊല്‍ക്കത്തയെ 50 കടത്തി. രഹാനെയെ ഹസരങ്ക വീഴ് ത്തിയെങ്കിലും അംഗ്രിഷ് രഘുവംശിയെ കൂട്ടുപിടിച്ച് ഡി കോക്ക് വിജയം അടിച്ചെടുത്തു. 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡി കോക്ക് 61 പന്തില്‍ 97ല്‍ എത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ഗുവാഹത്തിയിലെ സ്ലോ പിച്ചില്‍ അടിതെറ്റിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 31 റണ്‍സ് അടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യശസ്വി ജയ് സ്വാള്‍ 29ഉം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി 23 റണ്‍സിനും വൈഭവ് അറോറ 33 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.