നഗരസഭാ സ്റ്റേഡിയം റോഡിന് ഗവാസ്‌കറുടെ പേര്; ഗവാസ്‌കര്‍ വെള്ളിയാഴ്ച കാസര്‍കോട്ട്; വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി

കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ച്, രാജ്യത്തിന്റെ അഭിമാന താരമായി ജ്വലിച്ചു നില്‍ക്കുന്ന പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ കാസര്‍കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് 21ന് കാസര്‍കോട്ടെത്തുന്നു.
ഗവാസ്‌കറുടെ കാസര്‍കോട് സന്ദര്‍ശനം എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തില്‍ വിദ്യാനഗറിലുളള നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യും. 21ന് വൈകിട്ട് 3.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കര്‍ തന്റെ പേര് നാമകരണം ചെയ്യും.
തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൊട്ടടുത്ത് ചെട്ടുംകുഴിയിലുള്ള റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും.
റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ കാസര്‍കോടന്‍ ജനതക്ക് വേണ്ടി ഇന്ത്യയുടെ അഭിമാന താരത്തെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും അടക്കമുളളവര്‍ സംബന്ധിക്കും.
കാസര്‍കോടിന്റെ സ്പോര്‍ട്സ് ടൂറിസം വളര്‍ച്ചയ്ക്ക് ഗവാസ്‌കറുടെ വരവ് വലിയ ഗുണവും ഉണര്‍വ്വും നല്‍കുമെന്നും കാസര്‍കോടിന്റെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാനും നഗരസഭാ ചെയര്‍മാനുമായ അബ്ബാസ് ബീഗം, വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ. ഷാഫി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കൗണ്‍സിലര്‍ കെ.എം. ഹനീഫ്, മീഡിയ വിഭാഗം ചെയര്‍മാന്‍ എം. മധുസൂദനന്‍, കണ്‍വീനര്‍ സിജു കണ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.