ഐ.പി.എല്‍ കളിക്കാരുടെ കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റംവരുത്തി ദക്ഷിണാഫ്രിക്ക; ജൂണ്‍ 3 ന് തിരിച്ചെത്തിയാല്‍ മതിയെന്ന് നിര്‍ദേശം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കാനുള്ളതിനാലാണ് താരങ്ങളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടര്‍ന്നത്.

മുംബൈ: ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ എടുത്ത നിലപാടില്‍ മാറ്റംവരുത്തി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിനുള്ള ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്നായിരുന്നു ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിലപാട്. എന്നാല്‍ ബിസിസിഐ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിലപാട് മാറ്റുകയും ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ജൂണ്‍ മൂന്നിന് തിരിച്ചെത്തിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു.

ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷത്തോടെ ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തോളം മുടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പങ്കാളിത്തം പ്രതിസന്ധിയിലായത്. നേരത്തേ ഇന്ത്യ വിട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തിരിച്ചെത്തിയാലും, പ്ലേ ഓഫ് തുടങ്ങും മുന്‍പ് നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയായിരുന്നു ഇതോടെ നിലനിന്നിരുന്നത്.

മേയ് 27ന് ലക് നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചാലഞ്ചേഴ് സ് ബെംഗളൂരുവും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന പോരാട്ടം. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കാനുള്ളതിനാലാണ് താരങ്ങളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടര്‍ന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പരിശീലന ക്യാംപ് ജൂണ്‍ മൂന്നിന് തുടങ്ങുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ എനോക് ക്വവെ സിഡ് നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ഇതോടെ ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ഏയ് ഡന്‍ മാര്‍ക്രം, ലുംഗി എംഗിഡി, മാര്‍ക്കോ യാന്‍സന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ക്ക് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവും. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍.

ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കോര്‍ബിന്‍ ബോഷ്(മുംബൈ ഇന്ത്യന്‍സ്), വിയാന്‍ മുള്‍ഡര്‍(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മാര്‍ക്കോ യാന്‍സന്‍(പഞ്ചാബ് കിംഗ്‌സ്), ഏയ് ഡന്‍ മാര്‍ക്രം(ഹൈദരാബാദ്), ലുങ്കി എന്‍ഗിഡി(റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു), കാഗിസോ റബാഡ(ഗുജറാത്ത് ടൈറ്റന്‍സ്), റിയാന്‍ റിക്കിള്‍ടണ്‍(മുംബൈ ഇന്ത്യന്‍സ്), ട്രിസ്റ്റന്‍ സ്റ്റബ് സ് (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലുള്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെവാള്‍ഡ് ബ്രെവിസ്(ചെന്നൈ), ഫാഫ് ഡൂപ്ലെസി, ഡൊണോവന്‍ ഫെരേര(ഡല്‍ഹി ക്യാപിറ്റല്‍സ്), ജെറാള്‍ഡ് കോട് സി(ഗുജറാത്ത് ടൈറ്റന്‍സ്), ക്വിന്റണ്‍ ഡി കോക്ക്, ആന്റിച്ച് നോര്‍ക്യ(കൊല്‍ക്കത്ത), ഡേവിഡ് മില്ലര്‍(ലക്‌നൗ), നാന്ദ്രെ ബര്‍ഗര്‍(രാജസ്ഥാന്‍ റോയല്‍സ്), ഹെന്റിച്ച് ക്ലാസന്‍(ഹൈദരാബാദ്) എന്നിവര്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന താരങ്ങളോട് മെയ് 31ന് ഇംഗ്ലണ്ടിലെ അരുണ്‍ഡേലിലെത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് ക്രിക്കറ്റ് സൗത്താഫ്രിക്ക ആവശ്യപ്പെട്ടിരുന്നത്. ടെസ്റ്റ് ഫൈനലിനു മുന്‍പ് സിംബാബ് വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം കളിക്കുന്നുണ്ട്. ജൂണ്‍ 11 മുതലാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം.

Related Articles
Next Story
Share it