ശുഭ് മാന്‍ ഗില്ലിന് കഴിവ് തെളിയിക്കാന്‍ സമയം നല്‍കണമെന്ന് രവി ശാസ്ത്രി

ടെസ്റ്റ് പരമ്പര തോറ്റാലും ടീം മാനേജ് മെന്റ് ഗില്ലിനെ ക്യാപ്റ്റനായി പിന്തുണയ്ക്കുന്നത് തുടരണമെന്നും ആവശ്യം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ് മന്‍ ഗില്ലിന് കഴിവ് തെളിയിക്കാന്‍ സമയം നല്‍കണമെന്ന് മുന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാലും ടീം മാനേജ് മെന്റ് ശുഭ് മാന്‍ ഗില്ലിനെ ക്യാപ്റ്റനായി പിന്തുണയ്ക്കുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗില്ലിന് കഴിവ് തെളിയിക്കാന്‍ മൂന്നു വര്‍ഷമെങ്കിലും സമയം ലഭിക്കണമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന മത്സരഫലങ്ങള്‍ കൊണ്ടുവരാന്‍ ഗില്ലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് രവി ശാസ്ത്രി ബി സി സി ഐക്ക് സന്ദേശം അയച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ അരങ്ങേറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹത്തെ നിയമിച്ചത്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സൂപ്പര്‍ താരങ്ങളില്ലാതെ, താരതമ്യേന പുതിയൊരു ടീമുമായി കളിക്കുമ്പോള്‍ ഗില്ലിന് സമ്മര്‍ദമുണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ആദ്യ ടെസ്റ്റ് മത്സരത്തിലെ തോല്‍വിക്ക് ശേഷം, ശാസ്ത്രി ഗില്ലിന്റെ പക്വതയെ പ്രശംസിക്കുകയും ടീമിനോട് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഗില്ലിന് ഒരുപാട് പക്വത വന്നിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ടോസിന്റെ സമയത്തുമെല്ലാം അതു വ്യക്തമാകുന്നുണ്ട്. ഗില്‍ മികച്ച അന്തരീക്ഷമാണ് ടീമിലും ഡ്രസിങ് റൂമിലും സൃഷ്ടിക്കുന്നതെന്ന് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും വ്യക്തമാക്കി.

'ഗില്‍ മികച്ച രീതിയില്‍ തന്നെ ടീമിനെ കൈകാര്യം ചെയ്യുന്നുണ്ട്. ബോളര്‍മാരെ മാറ്റുമ്പോള്‍ എല്ലാവര്‍ക്കും കൃത്യമായ ഇടവേളകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. അവസരങ്ങള്‍ നോക്കി ബോളര്‍മാരെ ഉപയോഗിക്കുന്നു. വളരെ നല്ല അന്തരീക്ഷമാണ് അദ്ദേഹം ഈ ടീമില്‍ സൃഷ്ടിക്കുന്നത്. എല്ലാവരോടും സംസാരിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടു പോകുന്നതാണ് ഗില്ലിന്റെ രീതി' - എന്നും പ്രസിദ്ധ് കൃഷ്ണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it