രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന മത്സരത്തിലെ ക്യാപ്റ്റനാക്കിയതിന് പിന്നില്‍ അജിത് അഗാര്‍ക്കറെന്ന് മുഹമ്മദ് കൈഫ്
ഒരേസമയം ഗില്ലിന് ഇത്രയധികം അധികാരങ്ങള്‍ കൈമാറാനുള്ള തീരുമാനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കൈഫ് പറയുന്നത്

രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലക്ടര്‍മാരെന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബിസിസിഐ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ മാറ്റി പകരം ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചിട്ട് രണ്ട് ദിവസമായെങ്കിലും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോഴും ഉയരുന്നത്. 2027 ലോകകപ്പ് വരെ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ ക്യാപ്റ്റനായി തുടരേണ്ടതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇതേ നിഗമനം തന്നെയാണ് മുഹമ്മദ് കൈഫിന്റേതും. ഒരേസമയം ഗില്ലിന് ഇത്രയധികം അധികാരങ്ങള്‍ കൈമാറാനുള്ള തീരുമാനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കൈഫ് പറയുന്നത്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. മാത്രമല്ല, ഏകദിനത്തില്‍ ക്യാപ്റ്റന്‍ പദവി നഷ്ടപ്പട്ടതോടെ രോഹിത് 2027 ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത ഗണ്യമായി കുറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് മാസത്തിനുള്ളിലാണ് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ടി20 ഐകളില്‍ വൈസ് ക്യാപ്റ്റനുമായി, അടുത്ത വര്‍ഷം നാട്ടില്‍ നടക്കുന്ന ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവില്‍ നിന്ന് അദ്ദേഹം ക്യാപ്റ്റന്‍ പദവിയും ഏറ്റെടുക്കും. പുറത്തു നിന്ന് നോക്കുമ്പോള്‍ ഇതെല്ലാം വിചിത്രമായി തോന്നുമെങ്കിലും, ഗില്ലിന് ക്യാപ്റ്റന്‍സി നല്‍കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കൈഫ് ശക്തമായി വിശ്വസിക്കുന്നു.
കൈഫിന്റെ വാക്കുകള്‍:
ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷെ അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു കരുതിയത്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇനിയും സമയം നല്‍കാമായിരുന്നു. ഫിറ്റ് നെസിന്റെ കാര്യത്തിലും രോഹിത് ഇപ്പോള്‍ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്രയും തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അധിക ഉത്തരവാദിത്തമാണ് ഗില്ലിന്റെ തലയില്‍ സെലക്ടര്‍മാര്‍ വെച്ചുകൊടുത്തിരിക്കുന്നത്. ഇത് ഗില്ലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ടെസ്റ്റ് ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവുമാണ് ഗില്ലിന് തിടുക്കപ്പെട്ട് നല്‍കിയത്. സൂര്യകുമാര്‍ യാദവ് സ്ഥാനമൊഴിയുമ്പോള്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സ്വാഭാവികമായും ഗില്ലിന്റെ ചുമലിലാവും.
ഒരു കളിക്കാരന്‍ ഒരിക്കലും ക്യാപ്റ്റന്‍സി ആവശ്യപ്പെടുന്നില്ല. ഗില്ലിന് അത് വേണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അത് ആവശ്യപ്പെടാന്‍ കഴിയില്ല, പക്ഷേ എല്ലാവരും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നതായി തോന്നുന്നു, ഭാവിയിലേക്കുള്ള ക്യാപ്റ്റനായി കണക്കാക്കുന്നു. അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലക്ടര്‍മാര്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നും കൈഫ് പറയുന്നു.
38 കാരനായ രോഹിത് ക്യാപ്റ്റനെന്ന നിലയിലുള്ള അവസാന മത്സരത്തില്‍ ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് നയിച്ചു, എന്നിരുന്നാലും, ബിസിസിഐ ക്യാപ്റ്റന്‍സി 'തട്ടിയെടുത്ത'തിനാല്‍, ഒക്ടോബര്‍ 19 മുതല്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ടീമിനൊപ്പം ചേരുന്ന രോഹിതിന്റെ ബാറ്റിംഗിനെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ് എന്നും കൈഫ് പറഞ്ഞു.