ഐ.പി.എല്ലിനിടെ നാടകീയ സംഭവങ്ങള്‍; ഫ്ളഡ് ലൈറ്റുകള്‍ അണച്ച്‌ കാണികളോട് സ്റ്റേഡിയം വിടാന്‍ അഭ്യര്‍ഥിച്ചു

സുരക്ഷാ കാരണങ്ങളാല്‍ മത്സരം ഉപേക്ഷിക്കുന്നത് ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: ഐ. പി. എല്‍ മത്സരങ്ങളേയും ബാധിച്ച് ഇന്ത്യ- പാക് സംഘര്‍ഷം. കഴിഞ്ഞദിവസം നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ നാടകീയ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ഇന്ത്യ- പാക് സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സുരക്ഷാ കാരണങ്ങളാല്‍ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അധികൃതര്‍ ഉപേക്ഷിച്ചു.

മഴയെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 8.30നാണ് ആരംഭിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാംശ് ആര്യയുടെയും (34 പന്തില്‍ 70) പ്രഭ് സിമ്രന്‍ സിങ്ങിന്റെയും (28 പന്തില്‍ 50 നോട്ടൗട്ട്) ബാറ്റിങ് മികവില്‍ തകര്‍ത്തടിച്ചു. ടീം സ്‌കോര്‍ 122ല്‍ നില്‍ക്കെ, 11ാം ഓവറിലെ ആദ്യ പന്തില്‍ പ്രിയാംശ് പുറത്തായതിനു പിന്നാലെയാണ് സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.

പഞ്ചാബിന്റെ അടുത്ത ബാറ്റര്‍ ക്രീസിലെത്തും മുന്‍പേ സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റുകളുടെ ഒരു ടവര്‍ അപ്രതീക്ഷിതമായി ഓഫ് ആക്കി. താരങ്ങളും അംപയര്‍മാരും ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയതിനു പിന്നാലെ അടുത്ത 2 ടവര്‍ ലൈറ്റുകളും പ്രവര്‍ത്തനരഹിതമായി. ഈ സമയം ഗ്രൗണ്ടിലിറങ്ങിയ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധൂമല്‍ കാണികളോട് സ്റ്റേഡിയം വിട്ടുപോകാന്‍ അഭ്യര്‍ഥിച്ചു.

ഒരു ടവര്‍ ഫ് ളഡ് ലൈറ്റിന്റെ വെളിച്ചം മാത്രം നിലനിര്‍ത്തിയാണ് കാണികള്‍ക്ക് സ്റ്റേഡിയം വിടാനുള്ള സൗകര്യമൊരുക്കിയത്. കാണികള്‍ക്ക് മടങ്ങാന്‍ ബിസിസിഐ പ്രത്യേക ട്രെയിന്‍ സര്‍വീസും ഏര്‍പ്പെടുത്തിയിരുന്നു. മഴമൂലം സീസണില്‍ മുന്‍പും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒരു മത്സരം ഉപേക്ഷിക്കുന്നത് ഇത് ആദ്യമാണ്.

മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഐപിഎല്‍ സീസണിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പലതും അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നേക്കും. ഇക്കാര്യത്തില്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.

ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ധരംശാലയില്‍ കഴിഞ്ഞദിവസം നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍ കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നേരത്തേ ധരംശാലയില്‍ എത്തിയതിനാലാണ് വ്യാഴാഴ്ചത്തെ മത്സരം നടത്താന്‍ തീരുമാനിച്ചത്. ധരംശാലയില്‍ കുടുങ്ങിയ ഡല്‍ഹി, പഞ്ചാബ് ടീമംഗങ്ങളെ പഠാന്‍കോട്ടില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലെത്തിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനും വ്യാഴാഴ്ച രാത്രി മുതല്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Related Articles
Next Story
Share it