സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഐ.പി.എലിലെ 14കാരന്‍ വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത താരോദയമോ?
മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ രാജസ്ഥന്‍ റോയല്‍സ് ടീം മാനേജ് മെന്റോ സഞ്ജുവോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകുന്നതിനാണ് സഞ്ജു ടീം വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിനിടെ സഞ്ജു ടീം വിടാനുള്ള കാരണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ടീം വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത താരോദയം ആണെന്നാണ് ചോപ്ര നല്‍കുന്ന സൂചന.
തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് ചോപ്ര ഇത്തരമൊരു നിഗമനം പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തെ വൈഭവ് സൂര്യവംശിയുടെ താരോദയം സ്വാധീനിച്ചിരിക്കാമെന്നും, സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് സാകും താരത്തിനായി ഏറ്റവും ശക്തമായി രംഗത്തുണ്ടാവുകയെന്നുമാണ് ചോപ്ര പറയുന്നത്.
2026 ലെ ഐപിഎല്‍ ലേലത്തിന് മുമ്പ് സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസി വിടാന്‍ ആഗ്രഹിക്കുന്നതാണ് അദ്ദേഹം ഇത്തരമൊരു വിലയിരുത്തല്‍ നടത്താന്‍ കാരണം. ഏതാനും സീസണുകളായി രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും ടീമിന്റെ നെടുന്തൂണുമായ സഞ്ജു ടീം വിടാനുള്ള കഠിനമായ തീരുമാനമെടുക്കാനുള്ള കാരണം എന്തായിരിക്കുമെന്നും ആകാശ് ചോപ്ര ചോദിച്ചു.
'എന്തുകൊണ്ടായിരിക്കും രാജസ്ഥാന്‍ റോയല്‍സ് വിടണമെന്ന് സഞ്ജു തീരുമാനമെടുത്തിട്ടുണ്ടാകുക? ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം, കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് തൊട്ടുമുന്‍പായി ജോസ് ബട്‌ലറിനെ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ടീമാണ് രാജസ്ഥാന്‍. യശ്വസി ജയ് സ്വാളിന്റെ വരവോടെ സഞ്ജുവിന് പുതിയ ഓപ്പണിങ് പങ്കാളിയെ ലഭിച്ചതാകാം കാരണമെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. അത്രയ്ക്ക് ഇഴയടുപ്പമുള്ളവരായിരുന്നു രാജസ്ഥാന്‍ റോയല്‍സും സഞ്ജുവും' ചോപ്ര പറഞ്ഞു.
പതിനാലുകാരനായ വൈഭവ് സൂര്യവംശി ഓപ്പണറെന്ന നിലയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം, രാജസ്ഥാന്‍ റോയല്‍സിന്റെ ടീം സമവാക്യങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളുടെ കാര്യത്തിലും റിലീസ് ചെയ്ത താരങ്ങളുടെ കാര്യത്തിലും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടാകും. പക്ഷേ, ഇപ്പോള്‍ സാഹചര്യം മാറി. വൈഭവ് സൂര്യവംശി മികവു കാട്ടിയതോടെ രണ്ട് ഓപ്പണര്‍മാരായി. ധ്രുവ് ജുറേലിനെയും ടോപ് ഓര്‍ഡറിലേക്ക് പരിഗണിക്കാവുന്നതാണെന്നതും നിര്‍ണായകമായി. ഇതോടെയാകും ടീം വിടാമെന്ന് സഞ്ജു തീരുമാനിച്ചത്. എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാവുന്നതും ഇതാണ്. സഞ്ജുവിന്റെയോ രാജസ്ഥാന്‍ റോയല്‍സിന്റെയോ മനസില്‍ എന്താണെന്ന് എനിക്ക് അറിയില്ല' - എന്നും ചോപ്ര പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം ഘടനയും സാഹചര്യവും വച്ചു നോക്കുമ്പോള്‍, സഞ്ജുവിനായി ഏറ്റവും ശക്തമായി ശ്രമിക്കാന്‍ സാധ്യത അവരാണെന്നും ചോപ്ര പറഞ്ഞു.
'സഞ്ജുവിന്റെ കാര്യത്തില്‍ എന്റെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ്. എങ്കിലും സഞ്ജുവിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരിക്കും. കൊല്‍ക്കത്ത നിരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ അസാന്നിധ്യം വളരെയധികം പ്രകടമാണ്. രണ്ടാമതായി നല്ലൊരു ക്യാപ്റ്റനെ ലഭിക്കുന്നത് മോശം കാര്യമാണോ? രഹാനെ കഴിഞ്ഞ സീസണില്‍ നന്നായി നയിച്ചുവെന്ന കാര്യം ഞാന്‍ മറക്കുന്നില്ല' ചോപ്ര പറഞ്ഞു.
2025 ലെ ഐപിഎല്‍ സീസണില്‍ കെകെആറിന് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇല്ലായിരുന്നു, പകരം വിദേശ കളിക്കാരായ ക്വിന്റണ്‍ ഡി കോക്കിനെയും റഹ്‌മാനുള്ള ഗുര്‍ബാസിനെയുമാണ് ആശ്രയിച്ചത്. മികച്ച ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ശക്തമായ നേതൃത്വ ഓപ്ഷനുമായ സാംസണെ ടീമിലെടുത്താല്‍ എതിരാളികളെ നിഷ്പ്രഭമായി നേരിടാമെന്ന് അവര്‍ കൂട്ടുമെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.