ആശങ്ക വേണ്ട; പരുക്കില്‍ നിന്ന് മോചിതനായി സഞ്ജു സാംസണ്‍ ക്യാംപിലെത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ആരാധകരുടെ ആശങ്ക അകറ്റി പരുക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ക്യാംപിലെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജസ്ഥാന്‍ റോയല്‍സ്. താരം ജയ്പുര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത് മുതല്‍ ടീം ക്യാംപിലെത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉള്‍പ്പെടെ സന്ദര്‍ശിക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്നാണ് താരം രാജസ്ഥാന്‍ ക്യാംപിലെത്തിയത്. എത്തിയ ഉടന്‍ തന്നെ സഞ്ജു സാംസണ്‍ ടീമിനൊപ്പം പരിശീലനം തുടങ്ങി. ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്.
ഐപിഎല്‍ സീസണിന് 22-ാം തീയതി തുടക്കമാകാനിരിക്കെയാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ വലതു കൈയിലെ ചൂണ്ടുവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്ന സഞ്ജു, സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെയാണ് ടീമിനൊപ്പം ചേര്‍ന്നത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.
സഞ്ജു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിചരണത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച സഞ്ജു ജയ്പൂരിലെ രാജസ്ഥാന്‍ ക്യാമ്പിലെത്തുകയായിരുന്നു. സഞ്ജുവിന് വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത്. ഇതോടെ യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യം മത്സരം മുതല്‍ ഓപ്പണ്‍ ചെയ്യും.
കാല്‍ക്കുഴയ്ക്കേറ്റ പരുക്കില്‍ നിന്ന് മുക്തനായ ജയ്സ്വാള്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാമ്പില്‍ എത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്രാഥമിക സ്‌ക്വാഡിലുണ്ടായിരുന്ന ജയ്സ്വാളിനെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കി റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കുളള അന്തിമ ടീമില്‍ ഉള്‍പ്പെടുത്തിയത്.
തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനെത്തുന്നത്. ഇപ്പോഴുള്ള ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ള ക്യാപ്റ്റനും സഞ്ജു തന്നെ. സഞ്ജുവിന് കീഴില്‍ ആദ്യത്തെയും ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെയും കിരീടമാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്.
ഐപിഎല്‍ മെഗാതാരലേലത്തില്‍ അഴിച്ചുപണിത ടീമുമായാണ് ഇത്തവണ രാജസ്ഥാന്‍ എത്തുന്നത്. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട് ലര്‍, ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍ തുടങ്ങിയവര്‍ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവര്‍ ടീമിലെത്തി.
ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു ഐപിഎല്ലിലും വെടിക്കെട്ട് പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. സഞ്ജു ടീമിലെത്തിയതോടെ മലയാളികളും ആവേശത്തിലാണ്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
2022ല്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച സഞ്ജു, ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു. 2023ല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2024ല്‍ പ്ലേഓഫില്‍ കടന്നെങ്കിലും കിരീടം നേടാനായില്ല. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വീഴ്ത്തിയെങ്കിലും, രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് ടീം പുറത്താവുകയായിരുന്നു.
Where is Sanju Samson? Sanju Samson is home! 💗 pic.twitter.com/Gxtd9IBTIr
— Rajasthan Royals (@rajasthanroyals) March 17, 2025