രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് നാടകീയ ജയം
സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി രാജസ്ഥാനെ വീഴ്ത്തിയത്.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ പേശികള്‍ക്ക് വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് റിട്ടയര്‍ഡ് ഔട്ട് ആവുകയായിരുന്നു.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ സഞ്ജുവിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയു ള്ളൂ. കൈ വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്ററുടെ റോളില്‍ മാത്രമാണ് എത്തിയിരുന്നത്. ഈ സീസണില്‍ വലിയ തിരിച്ചടി നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്.
19 പന്തില്‍ 31 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. 3 സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജു സാംസണ്‍ പരിക്കേറ്റ് പിന്‍മാറിയെങ്കിലും യശസ്വി ജയ്‌സ്വാളും നിതീഷ് റാണയും ടീമിനെ വിജയിപ്പിക്കാന്‍ പരമാവധി കളിച്ചു. ഇരുവരും അര്‍ധ സെഞ്ചറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സിന് വിജയിക്കാനായില്ല.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് നാടകീയ ജയം സ്വന്തമാക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി രാജസ്ഥാനെ വീഴ്ത്തിയത്. 188 റണ്‍സുമായി രണ്ട് ടീമുകളുടെയും ഇന്നിംഗ്‌സ് അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ഡല്‍ഹി 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍, രാജസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ല്‍ എത്തിയത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ 12 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 2 പന്തുകള്‍ ശേഷിക്കേ മറികടന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറുകളാണ് ഡല്‍ഹിക്ക് ആവേശ ജയം സമ്മാനിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ് കളിയിലെ കേമനും. ആവേശ ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സീസണിലെ അഞ്ചാം തോല്‍വി നേരിട്ട രാജസ്ഥാന്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ അഞ്ചാം വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 10 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഷിമ്രോണ്‍ ഹെറ്റ് മിയറും റിയാന്‍ പരാഗുമാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ചു പന്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് നേടിയത് 11 റണ്‍സ്. രണ്ടു പന്തുകള്‍ നേരിട്ട പരാഗ് നാലു റണ്‍സെടുത്ത് റണ്‍ഔട്ടായി. തൊട്ടുപിന്നാലെ എത്തിയ ജയ് സ്വാളും റണ്‍ഔട്ടായി മടങ്ങി.
12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡല്‍ഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലും. സന്ദീപ് ശര്‍മയെറിഞ്ഞ സൂപ്പര്‍ ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഡല്‍ഹിയുടെ വിജയ റണ്‍സ് കുറിച്ചു. ഒരു ബൗണ്ടറിയുള്‍പ്പടെ ഏഴു റണ്‍സെടുത്ത രാഹുലും തിളങ്ങി.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ് സ്വാള്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് പുറത്താകുന്നത്. സ്‌കോര്‍ 161 ല്‍ നില്‍ക്കെ നിതീഷ് റാണയെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. അവസാന 12 പന്തില്‍ 23 റണ്‍സാണു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്.
ധ്രുവ് ജുറേലും (17 പന്തില്‍ 26), ഷിമ്രോണ്‍ ഹെറ്റ് മിയറും (ഒന്‍പതു പന്തില്‍ 15) പൊരുതിനോക്കിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 20ാം ഓവര്‍ കളി സമനിലയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ സ്റ്റാര്‍ക്ക് എട്ട് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ വിട്ടു നല്‍കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 37 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് പൊറേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 14 പന്തില്‍ 34 റണ്‍സടിച്ച ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ കാമിയോ റോളും ഗംഭീരമായി. കെ.എല്‍. രാഹുല്‍ (32 പന്തില്‍ 38), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (18 പന്തില്‍ 34) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
ജേക് ഫ്രേസര്‍ മഗ്രുക്കും അഭിഷേക് പൊറേലും ചേര്‍ന്ന് 34 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ അടിച്ചെടുത്തത്. ജോഫ്ര ആര്‍ച്ചറുടെ മൂന്നാം ഓവറില്‍, ജേക് ഫ്രേസര്‍ മഗ്രുക്ക് ഒന്‍പതു റണ്‍സ് മാത്രമെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ കരുണ്‍ നായരെ സന്ദീപ് ശര്‍മ റണ്‍ഔട്ടാക്കിയത് ഡല്‍ഹിയെ ഞെട്ടിച്ചു.
പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹി എടുത്തത് 46 റണ്‍സ്. കെ.എല്‍. രാഹുലും അഭിഷേക് പൊറേലും നിലയുറപ്പിച്ചതോടെ ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 97ല്‍ നില്‍ക്കെ രാഹുലിനെ പുറത്താക്കി ആര്‍ച്ചര്‍ രാജസ്ഥാനെ കളിയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമിച്ചു. അര്‍ധ സെഞ്ചറിക്ക് തൊട്ടുമുന്‍പ് അഭിഷേക് പൊറേലിനെ ഹസരംഗയും പുറത്താക്കി.
14 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 106 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തന്ത്രങ്ങളെ തകിടം മറിച്ചു. മധ്യ ഓവറുകളില്‍ പരമാവധി റണ്‍സ് വഴങ്ങാതെ പിടിച്ചുനിന്ന രാജസ്ഥാന് പിന്നീടു കളിയുടെ നിയന്ത്രണം നഷ്ടമായി. ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയുമെറിഞ്ഞ 16, 17 ഓവറുകളില്‍ നാലു ഫോറുകളും രണ്ടു സിക്‌സുകളും ബൗണ്ടറി കടത്തിയ അക്ഷര്‍ ഡല്‍ഹിയെ 140 കടത്തി.
തീക്ഷണയുടെ അവസാന പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച അക്ഷറിനെ ധ്രുവ് ജുറേല്‍ ക്യാച്ചെടുത്താണ് പുറത്താക്കുന്നത്. ട്രിസ്റ്റന്‍ സ്റ്റബ് സും അശുതോഷ് ശര്‍മയും ചേര്‍ന്നാണ് അവസാന ഓവറുകളില്‍ ഡല്‍ഹിയെ സുരക്ഷിതമായ സ്‌കോറിലെത്തിക്കുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വിശ്വസ്തനായ സന്ദീപ് ശര്‍മയെറിഞ്ഞ 20ാം ഓവറില്‍ നാലു വൈഡുകളും ഒരു നോബോളുമടക്കം 19 റണ്‍സാണ് റോയല്‍സ് വഴങ്ങിയത്. സ്റ്റബ്‌സും അശുതോഷും ചേര്‍ന്ന് അവസാന 19 പന്തില്‍ 42 റണ്‍സ് അടിച്ചുകൂട്ടി.