ക്യാപറ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല; കോലിയെ അനുകരിക്കേണ്ട; സാക് ക്രോളിയുമായുള്ള ഗില്ലിന്റെ വാക്കുതര്‍ക്കത്തില്‍ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍

വാക്കുതര്‍ക്കം പ്രകടനത്തെ ബാധിക്കുകയും ഇന്ത്യയ്ക്ക് തോല്‍വി സംഭവിക്കുകയും ചെയ്തു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റര്‍ സാക് ക്രോളിയുമായുള്ള ഗില്ലിന്റെ വാക്കുതര്‍ക്കമാണ് മഞ്ജരേക്കറുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. വാക്കുതര്‍ക്കം രണ്ടാം ഇന്നിംഗ്‌സില്‍ ഗില്ലിന്റെ ബാറ്റിംഗിനെ ബാധിച്ചെന്നും ഇതോടെ പുറത്താകല്‍ വേഗത്തിലാക്കിയെന്നുമാണ് മഞ്ജരേക്കരുടെ കണ്ടെത്തല്‍.

എതിര്‍ ടീമുമായുള്ള ഗില്ലിന്റെ വാക്കുതര്‍ക്കത്തെ വിരാട് കോലിയുമായി താരതമ്യം ചെയ്യുകയും ചെയ്തു. എതിര്‍ ടീമിനോട് ദേഷ്യപ്പെട്ടാല്‍ തുടര്‍ന്നുള്ള കളിയില്‍ വിരാട് കോലി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും നടത്തുകയെന്നും എന്നാല്‍ ഗില്ലിന്റെ കാര്യം അങ്ങനെയല്ലെന്നും പ്രകടനം മങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗില്ലിനെതിരെയുള്ള മഞ്ജരേക്കരുടെ വിമര്‍ശനം.

ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ നമ്മള്‍ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോള്‍ പ്രത്യേകമായി ദേഷ്യം കാണിക്കേണ്ടതില്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ ഓര്‍മ്മിപ്പിച്ചു. ഒരുപാട് റണ്‍സെടുത്ത് ഒരു കളി ജയിപ്പിക്കുമ്പോള്‍ അമിത അത്മവിശ്വാസം ഉണ്ടാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. എഡ് ബാസ്റ്റണില്‍ പൂര്‍ണ നിയന്ത്രണത്തോടെയാണ് ഗില്‍ ബാറ്റ് ചെയ്തത്. എന്നാല്‍ ലോര്‍ഡ് സിലെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോള്‍ ഗില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് ഗില്ലിന്റെ തുടര്‍ന്നുള്ള പ്രകടനത്തേയും മോശമായി ബാധിച്ചു. നേരിട്ട ഒമ്പത് പന്തില്‍ നാലു പന്തും വെറുതെ ആയി. ഒരു തവണ റിവ്യു എടുത്ത് രക്ഷപ്പെടുകയും ചെയ്തു.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിപ്പിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗില്ലും സാക് ക്രോളിയും തമ്മിലുള്ള തര്‍ക്കം നടന്നത്. ഇംഗ്ലണ്ട് ബാറ്റര്‍ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. പിന്നീട് രണ്ടാം ഇന്നിംഗിസില്‍ ബാറ്റു ചെയ്യാനിറങ്ങിയ ഗില്‍ ആറു റണ്‍സ് മാത്രമെടുത്ത് പുറത്തായി. മാഞ്ചസ്റ്ററില്‍ ബുധനാഴ്ചയാണ് നാലാം ടെസ്റ്റിന് തുടക്കമാവുക. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ലോര്‍ഡ് സില്‍ 22 റണ്‍സിന്റെ നാടകീയ ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്.

Related Articles
Next Story
Share it