രഞ്ജി ട്രോഫി:കേരളത്തിന്റെ 'ജീവന്‍ രക്ഷിച്ച' ഹെല്‍മറ്റ് കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉറപ്പാക്കി കേരളത്തിനെ ഫൈനലില്‍ എത്തിച്ച ഹെല്‍മറ്റ് ഇനി നിത്യസ്മാരകമായി സൂക്ഷിക്കും. ആവേശകരമായ മല്‍സരത്തില്‍ രണ്ട് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചതോടെ ലീഡിന്റെ കരുത്തില്‍ കേരളം ഫൈനലില്‍ കടന്നു.
ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി ഹെല്‍മറ്റ് കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. സെമിയില്‍ സല്‍മാന്‍ നിസാര്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ടീമിനോട് നിര്‍ദേശിച്ചതായാണ് വിവരം. കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ ഗാലറിയിലെ പവലിയനില്‍ ഹെല്‍മറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
ഗുജറാത്തിന് ലീഡെടുക്കാന്‍ രണ്ട് റണ്‍സ് ശേഷിക്കെ നാഗസ്വാലെ ബൗണ്ടറി പ്രതീക്ഷിച്ച് കളിച്ച ഷോട്ട് സല്‍മാന്‍ നിസറിന്റെ ഹെല്‍മറ്റില്‍ തട്ടി സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. ആദിത്യ സര്‍വാതെ എറിഞ്ഞ 174ാം ഓവറിലെ നാലാം പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സ്.
നാഗസ്വാലയുടെ ഷോട്ട് ക്രീസിനരികില്‍ ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. അവസാന വിക്കറ്റും വീണതോടെ കേരളത്തിന് രണ്ട് റണ്‍സ് ലീഡ്.
ഗുജറാത്ത് ബാറ്റര്‍ അര്‍സാന്‍ നഗ്വാസ് വാലയുടെ ശക്തമായ ഷോട്ട് ഹെല്‍മറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന സല്‍മാന്‍ നിസാറിന് ദേഹാസ്വസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സല്‍മാനെ സ്‌ട്രെച്ചറില്‍ കിടത്തിയാണ് അംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സിടി സ്‌കാന്‍ ഉള്‍പ്പെടെ എടുത്തെങ്കിലും കാര്യമായ പരുക്കേറ്റിട്ടില്ലെന്ന് വ്യക്തമായി.
സല്‍മാന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നതോടെ കണ്‍കഷന്‍ ഇന്‍ക്ലൂഷനായി ഷോണ്‍ റോജറിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മത്സരം പൂര്‍ത്തിയാകും മുന്‍പുതന്നെ സല്‍മാന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തി. ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് കേരള താരങ്ങള്‍ക്ക് രണ്ടു ദിവസം വിശ്രമം അനുവദിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ടീം പിന്നീട് ഫൈനല്‍ നടക്കുന്ന നാഗ്പൂരിലേക്ക് പോകും. ഫെബ്രുവരി 26 മുതലാണ് രഞ്ജിയിലെ ഫൈനല്‍ പോരാട്ടം.