സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; യുവരാജിനെ വിളിച്ചുണര്‍ത്തി ചായം പൂശുന്ന വീഡിയോ വൈറല്‍

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ(ഐ.എം.എല്‍) സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഹോട്ടലിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായി വേഷം ധരിച്ചാണ് സച്ചിന്‍ സഹതാരങ്ങളെ വിളിച്ചുണര്‍ത്താന്‍ എത്തിയത്. ടീം അംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിന് വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്.
പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിനും സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കും ഹോളി ആശംസകളും താരം അറിയിച്ചു.
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം. വിഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും സച്ചിനും മറ്റ് താരങ്ങള്‍ക്കും ഹോളി ആശംസിക്കുകയും ചെയ്തു.