ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വിരാട് കോലിക്ക് വികാരഭരിതമായ ആശംസ നേര്‍ന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

12 വര്‍ഷം മുമ്പ് നടന്ന ഒരു പ്രത്യേക സംഭവം ഓര്‍മ്മിച്ചാണ് കോലിക്ക് സച്ചിന്‍ ഹൃദയഭേദകമായ യാത്രയയപ്പ് നല്‍കിയത്.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വിരാട് കോലിക്ക് വികാരഭരിതമായ ആശംസ നേര്‍ന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്പോള്‍ വൈറലാണ്. 12 വര്‍ഷം മുമ്പ് നടന്ന ഒരു പ്രത്യേക സംഭവം ഓര്‍മ്മിച്ചാണ് കോലിക്ക് സച്ചിന്‍ ഹൃദയഭേദകമായ യാത്രയയപ്പ് നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ കുറിപ്പ്.

സച്ചിന്റെ പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട വിരാട്, നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ 12 വര്‍ഷം പിന്നോട്ടു പോകുന്നു. അന്ന് എന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. മത്സരശേഷം നിങ്ങള്‍ എനിക്കൊരു ചരട് സമ്മാനിച്ചു. അത് നിങ്ങളുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്കു സമ്മാനിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ ഞാനത് സ്‌നേഹപൂര്‍വം നിരസിച്ചു. എന്നാല്‍, അത്രയും വ്യക്തിപരമായ ആ ചരട് എനിക്ക് സമ്മാനിക്കാന്‍ താങ്കള്‍ കാണിച്ച മനസ്സ് എന്നെ അദ്ഭുതപ്പെടുത്തി.

ഇന്ന് നിങ്ങള്‍ക്ക് ഒരു ചരട് തിരികെ സമ്മാനിക്കാന്‍ എനിക്ക് സാധിച്ചേക്കില്ല. പക്ഷേ, എന്റെ എല്ലാവിധ ആശംസകളും നിങ്ങള്‍ക്കൊപ്പമുണ്ട്. താങ്കളുടെ ഐതിഹാസികമായ കരിയര്‍ ആയിരക്കണക്കിന് യുവതാരങ്ങളെ ഈ ഗെയിമിലേക്ക് ആകര്‍ഷിക്കുമെന്ന് എനിക്കുറപ്പാണ്.

എന്തൊരു അവിശ്വസനീയമായ ടെസ്റ്റ് കരിയറാണ് നിങ്ങളുടേത്! വെറും റണ്‍സിനപ്പുറം നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍ക്കപ്പെടും. സവിശേഷമായ താങ്കളുടെ ടെസ്റ്റ് കരിയറിന് എല്ലാവിധ അനുമോദനങ്ങളും... എന്നാണ് സച്ചിന്‍ കുറിച്ചത്.

ഞായറാഴ്ചയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി കോലി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡ് പ്രകടനം നടത്താന്‍ കോലി കളിക്കളത്തില്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്.

123 മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 9203 റണ്‍സെടുത്താണ് കോലി തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. 30 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. തുടര്‍ച്ചയായ ടെസ്റ്റ് പരമ്പരകളില്‍ നാല് ഇരട്ട സെഞ്ച്വറികള്‍ നേടിയ ആദ്യ ബാറ്റ് സ് മാനും കോലി തന്നെ. ഇന്ത്യന്‍ ക്യാപ് റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയിട്ടുള്ളതും കോലിയാണ്. 68 മത്സരങ്ങളില്‍ 40 വിജയങ്ങളാണ് കോലി നേടിയത്.

2024 ല്‍ ടി20 ലോകകപ്പ് നേടിയതിന് ശേഷം ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കോലി ഏകദിനങ്ങളില്‍ തുടരുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ നായകന്‍ കൂടിയാണ് കോലി, 2018-19 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹം ടീമിനെ വിജയിപ്പിച്ചു. ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയതും (20), ഇന്ത്യന്‍ ക്യാപ് റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍ നേടിയതും കോലിയാണ് (5864 റണ്‍സ്).

Related Articles
Next Story
Share it