സഞ്ജു സാംസണ്‍ വിവാദത്തിലെ പ്രസ്താവനയില്‍ ശ്രീശാന്തിനെതിരെ കടുത്ത നടപടി; 3 വര്‍ഷത്തേക്ക് വിലക്കി കെസിഎ

കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹ ഉടമയാണ് ശ്രീശാന്ത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയതിന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). ഏപ്രില്‍ 30 ന് കൊച്ചിയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് കെസിഎ പ്രസ്താവനയില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹ ഉടമയാണ് ശ്രീശാന്ത്.

നേരത്തെ, വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട്, ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പുഴ ടീം ലീഡ്, ആലപ്പുഴ റിപ്പിള്‍സ് എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

'ആലപ്പുഴ ടീം ലീഡ്, ആലപ്പുഴ റിപ്പിള്‍സ് എന്നീ ഫ്രാഞ്ചൈസി ടീമുകള്‍ നോട്ടീസുകള്‍ക്ക് തൃപ്തികരമായ മറുപടികള്‍ നല്‍കിയതിനാല്‍, അവര്‍ക്കെതിരെ കൂടുതല്‍ നടപടിയെടുക്കില്ല. എന്നിരുന്നാലും, ടീം മാനേജ് മെന്റിലേക്ക് അംഗങ്ങളെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ യോഗം തീരുമാനിച്ചു,' എന്നും കെസിഎ പ്രസ്താവനയില്‍ പറയുന്നു.

സഞ്ജു സാംസണിന്റെ പേര് ഉപയോഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ജനറല്‍ ബോഡി തീരുമാനിച്ചു.

ഒരു മലയാളം ടെലിവിഷന്‍ ചാനലിലെ പാനല്‍ ചര്‍ച്ചയ്ക്കിടെ സംസ്ഥാന ക്രിക്കറ്റ് ബോഡിനെയും സാംസണെയും ബന്ധിപ്പിച്ചുള്ള പരാമര്‍ശത്തിന് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്തിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

സാംസണെ പിന്തുണച്ചതിനല്ല, മറിച്ച് അസോസിയേഷനെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നും കെസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ, ശ്രീശാന്ത് സാംസണിന് പിന്തുണ വാഗ്ദാനം ചെയ്യുകയും കെ.സി.എയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

Related Articles
Next Story
Share it