കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി രോഹിത് ശര്‍മ
ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്

മുംബൈ: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ച്വറിയും മൂന്നാം മത്സരത്തിലെ അപരാജിത സെഞ്ച്വറിയുമാണ് ഏകദിന റാങ്കിംഗില്‍ രോഹിത്തിനെ നമ്പര്‍ വണ്‍ ആക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
38 വയസ്സും 178 ദിവസവും പ്രായമുള്ള രോഹിത്, സച്ചിന്‍ (38 വയസ്സ് 327 ദിവസം) കഴിഞ്ഞാല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. 2011 ല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ആണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.
ഏഴു മാസത്തിനുശേഷം ഏകദിന ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവാണ് രോഹിത് നടത്തിയത്. അടുത്തിടെ ഓസ്ട്രേലിയയില്‍ നടന്ന മൂന്ന് മത്സര പരമ്പരയില്‍ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 202 റണ്‍സ് നേടി ബാറ്റിംഗ് ചാര്‍ട്ടില്‍ രോഹിത് ഒന്നാമതെത്തിയിരുന്നു. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 33ാം ഏകദിനവും 50ാം അന്താരാഷ്ട്ര സെഞ്ച്വറിയും നേടി.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
രോഹിത് ഒന്നാമനായതോടെ രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സര്‍ദ്രാനാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലി മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ച്വറി നേടിയെങ്കിലും ഒരു സ്ഥാനം താഴേക്കിറങ്ങി ആറാമതെത്തി. രണ്ടാം ഏകദിനത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.
ഇതോടെ ആദ്യ പത്തില്‍ രോഹിത്തും ഗില്ലും കോലിയും ശ്രേയസും ഇന്ത്യന്‍ സാന്നിധ്യത്തില്‍ ഇടം നേടി. ബൗളിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് ആറാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് നീങ്ങി. ഓസീസ് സ്പിന്നര്‍ ആദം സാംപ രണ്ട് സ്ഥാനം ഉയര്‍ന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി.

