ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; ആരാകും അത്!
രോഹിത് ശര്‍മ വിരമിച്ചതോടെയാണ് പുതിയ നായകനെ തിരഞ്ഞെടുക്കുന്നത്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയെ നയിക്കാന്‍ ഇനി രോഹിത് ശര്‍മ ഇല്ല. അതുകൊണ്ടുതന്നെ ഒരു പുതിയ ക്യാപ്റ്റനെ ഉടന്‍ കണ്ടെത്തേണ്ടതാണ്. 24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് സമൂഹമാധ്യമത്തില്‍ എഴുതിയ ഹ്രസ്വമായ കുറിപ്പിലൂടെയാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നും വിരമിക്കുകയാണെന്ന വിവരം രോഹിത് ശര്‍മ അറിയിച്ചത്.
ഇന്ത്യന്‍ ടീമിന്റെ വെള്ളക്കുപ്പായത്തില്‍ ഇനി താനുണ്ടാവില്ലെന്നായിരുന്നു കുറിപ്പ്. തന്റെ ക്യാപ്റ്റന്‍സിക്കും ടീമിലെ സ്ഥാനത്തിനും ഇളക്കം സംഭവിച്ചെന്ന തിരിച്ചറിവ് രോഹിത്തിനെ 12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിന് വിരാമമിടാമെന്ന കടുത്ത തീരുമാനത്തിലെത്തിച്ചു.
കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ മണ്ണില്‍ നടന്ന പരമ്പരയിലും നിരാശപ്പെടുത്തിയ രോഹിത്തിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം പ്രഖ്യാപനം വരും മുന്‍പ് തന്നെയുള്ള രോഹിതിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
38 കാരനായ രോഹിത് തന്റെ കരിയറിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ്, 67 ടെസ്റ്റുകളില്‍ നിന്നായി 4301 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും 40.57 ശരാശരിയില്‍ എടുത്തിട്ടുണ്ട്.
രോഹിത് ക്യാപ്റ്റനായി എത്തുന്നത് കോലിയുടെ പിന്‍ഗാമിയായാണ്. ഉജ്വല വിജയങ്ങളുടെ ആദ്യ പകുതിയും തിരിച്ചടികളുടെ രണ്ടാം പകുതിയും ഉള്‍പ്പെടുന്നതായിരുന്നു രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ യാത്ര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ രോഹിത്തിന് കീഴില്‍ 2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ വിജയത്തോടെയാണ് ഇന്ത്യയുടെ തുടക്കം.
ബംഗ്ലദേശിനെയും വെസ്റ്റിന്‍ഡീസിനെയും അവരുടെ നാട്ടില്‍ കീഴടക്കിയ ഇന്ത്യ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെ പരമ്പരകളില്‍ ഉജ്വല വിജയങ്ങള്‍ നേടി. 2023 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ വരെ ഒരു പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നുമില്ല.
കഴിഞ്ഞ നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് (3-0) പിന്നാലെയാണ് രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. നാട്ടില്‍ തുടര്‍ച്ചയായ 18 ടെസ്റ്റ് പരമ്പര വിജയങ്ങള്‍ക്കുശേഷം നേരിട്ട അപ്രതീക്ഷിത തിരിച്ചടിയും 24 വര്‍ഷങ്ങള്‍ക്കുശേഷം ടെസ്റ്റില്‍ സ്വന്തം മണ്ണിലെ ഇന്ത്യയുടെ സമ്പൂര്‍ണ തോല്‍വിയും വ്യാപക വിമര്‍ശനത്തിന് ഇടയായി. തോല്‍വിയോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ മോഹത്തിന് മങ്ങലേറ്റു. പരമ്പരയിലെ ക്യാപ്റ്റന്‍ രോഹിത്തിന്റെ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടു.
തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. രോഹിത് വിട്ടുനിന്ന ഒന്നാം ടെസ്റ്റില്‍ ജസ് പ്രീത് ബുമ്രയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഉജ്വല വിജയം നേടി. എന്നാല്‍ തുടര്‍ന്നുള്ള 3 ടെസ്റ്റുകളില്‍ രോഹിത് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു.
ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരം ആറാം സ്ഥാനത്തേക്ക് വരെ ഇറങ്ങി കളിച്ചിട്ടും ഫലമുണ്ടായില്ല. മോശം ഫോമിനെത്തുടര്‍ന്ന് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ നിന്ന് സ്വയം പിന്‍മാറിയതിന് പിന്നാലെ രോഹിത്തിന്റെ ടെസ്റ്റ് വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിരമിക്കല്‍ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള പക്വത തനിക്കുണ്ടെന്നും അന്ന് പ്രതികരിച്ച ഹിറ്റ് മാന്‍ കഴിഞ്ഞദിവസം തിടുക്കത്തില്‍ ആ തീരുമാനം എടുക്കുകയായിരുന്നു.
പുതിയ ക്യാപ്റ്റന്‍; ഗില്ലിന് സാധ്യത
ജൂണ്‍ 20ന് ആരംഭിക്കുന്ന 5 ടെസ്റ്റുകളുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍ ആണ്. ചാംപ്യന്‍സ് ട്രോഫി ടീമിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടെസ്റ്റ് ക്യാപ്റ്റനാകുമെന്നാണ് സൂചന. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുമ്ര ക്യാപ്റ്റനായപ്പോള്‍ ഗില്‍ ആയിരുന്നു വൈസ് ക്യാപ്റ്റന്‍. ഫിറ്റ് നസ് പ്രശ്‌നങ്ങള്‍ പതിവായിട്ടുള്ളതിനാല്‍ ബുമ്രയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പേരുകളും സാധ്യതാ ലിസ്റ്റിലുണ്ട്. ഈ മൂന്ന് പേരില്‍, ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ച പരിചയം രാഹുലിന് മാത്രമാണ് ഉള്ളത്.