പരിക്കില്‍ നിന്ന് മുക്തനായി ഋഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു
ഒക്ടോബര്‍ 10 ഓടെ അദ്ദേഹത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡല്‍ഹി: പരിക്കില്‍ നിന്ന് മുക്തനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 ഓടെ അദ്ദേഹത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാംദിനത്തിലാണ് ക്രിസ് വോക്‌സിന്റെ പന്ത് കാലില്‍ കൊണ്ട് റിഷഭ് പന്തിന്റെ കാലിന് പരിക്കേറ്റത്. പരിക്കേറ്റ കാലുമായി രണ്ടാം ഇന്നിംഗ്‌സില്‍ ക്രീസിലെത്തിയ പന്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തില്‍ ഇന്ത്യ 358 റണ്‍സ് നേടി സമനിലയില്‍ എത്തുകയും ചെയ്തു. പന്തിന്റെ മികച്ച പ്രകടനമാണ് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
പന്ത് 75 പന്തില്‍ രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സ് എടുത്തു. ഇതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ പന്ത് ബെംഗളൂരുവില്‍ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിയില്‍ ചികിത്സയിലായിരുന്നു. ആറാഴ്ചത്തെ വിശ്രമം ആണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചത്. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര പന്തിന് നഷ്ടമായി. ഇപ്പോള്‍ രഞ്ജി ട്രോഫിയിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. ഈമാസം 25ന് തുടങ്ങുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാന്‍ തയാറാണെന്ന് പന്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റ് റോഹന്‍ ജെയ്റ്റ്ലിയുമായും പന്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ 25 മുതല്‍ രഞ്ജി ട്രോഫിയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് മുന്‍പ് പന്തിന് ബിസിസിഐയുടെ മെഡിക്കല്‍ ടീം മത്സരങ്ങളില്‍ കളിക്കാനുളള അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ് നസ് തെളിയിച്ചാല്‍ പന്തിന് നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമില്‍ തിരിച്ചെത്താം.
റിഷഭ് പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പറഞ്ഞിരുന്നു. പന്തിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കുന്ന ധ്രുവ് ജുറെല്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന റിഷഭ് പന്തിന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.