നായകനാവാന്‍ താല്‍പര്യമില്ലെന്ന് കോലി; ആര്‍ സി ബിയെ ഇനി രജത് പാടീദാര്‍ നയിക്കും

ബെംഗലൂരു: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിന് പുതിയ ക്യാപ്റ്റന്‍. വീണ്ടും നായകനാവാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലി അറിയിച്ചതോടെയാണ് പുതിയ സീസണില്‍ പുതിയ നായകനെ നിയമിക്കാന്‍ ആര്‍സിബി നിര്‍ബന്ധിതരായത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റന്‍ ആയ രജത് പാടീദാറിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി രജത് പാടീദാറിനെ ടീമില്‍ നിലനിര്‍ത്തിയത്.
സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ രജത് പാടീദാറിനെ തിരഞ്ഞെടുക്കുകയായിരുന്നു. രജത് പാടീദാര്‍ ആദ്യമായാണ് ഐപിഎല്‍ ടീമിന്റെ നായകനാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച മികവും ആര്‍സിബി നായകസ്ഥാനത്തെത്തുന്നതില്‍ രജത് പാടീദാറിന് അനുകൂലമായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു രജത് പാടീദാറിന്റെ പ്രതികരണം.
കഴിഞ്ഞ സീസണില്‍ വരെ ടീമിനെ നയിച്ച ഫാഫ് ഡൂപ്ലെസിയെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാളെ ഐപിഎല്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കി ക്യാപ്റ്റനാക്കാമെന്ന ആര്‍സിബിയുടെ പദ്ധതികളും നടപ്പായിരുന്നില്ല. ശ്രേയസിനെ പഞ്ചാബും റിഷഭ് പന്തിനെ ലഖ്‌നൗവും രാഹുലിനെ ഡല്‍ഹിയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്.
രാഹുല്‍ ദ്രാവിഡ്(2008, 14 മത്സരങ്ങള്‍), കെവിന്‍ പീറ്റേഴ്സണ്‍ (2009, 6 മത്സരങ്ങള്‍), അനില്‍ കുംബ്ലെ (2009-10, 35 മത്സരങ്ങള്‍), ഡാനിയല്‍ വെട്ടോറി (2011-12, 28 മത്സരങ്ങള്‍), ഷെയ്ന്‍ വാട്സണ്‍ (2017, 3 മത്സരങ്ങള്‍) വിരാട് കോലി (2011,2023,143 മത്സരങ്ങള്‍) എന്നിവരുടെ പിന്‍ഗാമിയായാണ് 31കാരനായ രജത് പാടീദാര്‍ ആര്‍സിബി നായകസ്ഥാനത്തെത്തുന്നത്.
2201ല്‍ ആര്‍സിബിയിലെത്തിയ രജത് പടീദാറിന് നാലു മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. പിന്നീട് ടീമില്‍ നിന്നൊഴിവാക്കിയ രജത് പാടീദാറിനെ 2022ല്‍ പരുക്കേറ്റ താരത്തിന് പകരക്കാരനായി വീണ്ടും ആര്‍സിബി ടീമിലെടുത്തു.
ആ സീസണില്‍ ആര്‍സിബിയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനായതോടെ രജത് പാടീദാറിനെ ആര്‍സിബിയില്‍ സ്ഥിരാംഗം ആക്കി. ആ സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 54 പന്തില് 112 റണ്‍സടിച്ച പാടീദാറിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പരുക്കുമൂലം 2023ലെ ഐപിഎല്‍ പാടീദാറിന് പൂര്‍ണമായും നഷ്ടമായിരുന്നു. ആര്‍സിബിക്കായി ഇതുവരെ 27 മത്സരങ്ങളില്‍ കളിച്ച രജത് പാടീദാര്‍ 158.85 പ്രഹരശേഷിയില്‍ 799 റണ്‍സാണ് ഇതുവരെ നേടിയത്.