രഞ്ജി ട്രോഫി സീസണിന് തൊട്ടുമുമ്പ് മുംബൈ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് അജിങ്ക്യ രഹാനെ

പുതിയ നായകനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് താരം

മുംബൈ: 2025 ലെ രഞ്ജി ട്രോഫി സീസണിന് തൊട്ടുമുമ്പ് മുംബൈ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് അജിങ്ക്യ രഹാനെ. വ്യാഴാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. പുതിയൊരു നായകനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്നായിരുന്നു രാജി പ്രഖ്യാപനത്തിനുശേഷം അദ്ദേഹം പറഞ്ഞത്. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് രഹാന രാജ്യ പ്രഖ്യാപനം നടത്തിയത്.

201 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 14000 റണ്‍സ് നേടിയ ഈ 37 കാരന്‍ ടീമില്‍ ബാറ്റ്‌സ്മാനായി തുടരും. ഒക്ടോബര്‍ 15 ന് ആണ് രഞ്ജി സീസണ്‍ ആരംഭിക്കുന്നത്. മത്സരത്തിന് രണ്ടുമാസം മാത്രം ബാക്കിയിരിക്കെയാണ് രഹാനെയുടെ രാജി. ആദ്യ മത്സരത്തില്‍ മുംബൈ ജമ്മു കശ്മീരിനെ നേരിടും.

'മുംബൈ ടീമിനൊപ്പം ചാമ്പ്യന്‍ഷിപ്പ് നേടിയതും ക്യാപ്റ്റനായതും ഒരു വലിയ ബഹുമതിയാണ്,' എന്നാണ് രഹാനെ തന്റെ 'എക്‌സ്' അക്കൗണ്ടില്‍ കുറിച്ചത്.

'പുതിയ ആഭ്യന്തര സീസണ്‍ വരാനിരിക്കുന്നതിനാല്‍, ഒരു പുതിയ നായകനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിനാല്‍, ക്യാപ്റ്റന്‍സി റോളില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു.

'ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്, സീസണിനായി കാത്തിരിക്കുന്നതിനാല്‍ കൂടുതല്‍ ട്രോഫികള്‍ നേടാന്‍ ടീമിനെ സഹായിക്കുന്നതിന് എംസിഎയുമായുള്ള എന്റെ യാത്ര തുടരും,' എന്നും അദ്ദേഹം കുറിച്ചു.

രഹാനയുടെ ക്യാപ്റ്റന്‍സിയില്‍, 2023-24 സീസണില്‍ വിദര്‍ഭയെ ഫൈനലില്‍ പരാജയപ്പെടുത്തി മുംബൈ രഞ്ജി ട്രോഫി കിരീടം നേടിയിരുന്നു. 9 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് മുംബൈയുടെ കിരീടനേട്ടം. റെസ്റ്റ് ഓഫ് ഇന്ത്യ (ROI) ടീമിനെ പരാജയപ്പെടുത്തി 2024-25 ലെ ഇറാനി കപ്പില്‍ ടീമിനെ വിജയിപ്പിക്കാനും അദ്ദേഹം നേതൃത്വം നല്‍കി.

രഞ്ജി ട്രോഫിയില്‍ 24 മത്സരങ്ങളില്‍ മുംബൈയെ നയിച്ചിട്ടുള്ള രഹാനെ 13 മത്സരങ്ങളില്‍ ടീമിനു വിജയം നേടിക്കൊടുത്തു. ഈ റെഡ്-ബോള്‍ നേട്ടങ്ങള്‍ക്ക് മുമ്പ്, 2022-23-ല്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടവും മുംബൈ സ്വന്തമാക്കി. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളെന്ന പ്രശസ്തിയും രഹാനെയെ തേടിയെത്തി.

Related Articles
Next Story
Share it