രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും; ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണിന് നിര്‍ണായകം

കഴിഞ്ഞ മത്സരങ്ങളിലെ ഫലം നോക്കുമ്പോള്‍ പോയന്റ് നിലയില്‍ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനേക്കാള്‍ മുന്നിലാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ലെ 18-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പഴയ താരം യുസ് വേന്ദ്ര ചെഹല്‍ സഞ്ജു സാംസണെതിരെ വരുന്ന മത്സരം കൂടിയാകും ഇത്.

പരുക്കുമൂലം ആദ്യ 3 മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയര്‍ ആയതോടെ ടീമിനെ നയിച്ച റിയാന്‍ പരാഗിന് ഒരു ജയം മാത്രമാണ് നേടാനായത്. പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്തുള്ള രാജസ്ഥാന്റെ ദുര്‍ഗതി, സഞ്ജു നേതൃസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു വരുമ്പോള്‍, ധ്രുവ് ജുറേല്‍ ഇംപാക്ട് പ്ലേയറായി കളിക്കാനും സാധ്യതയുണ്ട്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിക്കാത്ത രാജസ്ഥാന്റെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ് സ്വാളിന്റെ പ്രകടനവും ഇന്നു നിര്‍ണായകമാകും. നിതീഷ് റാണ തകര്‍പ്പന്‍ ഫോമിലുള്ളത് രാജസ്ഥാന് ആശ്വാസമാണ്.

ചണ്ഡീഗഡിലെ മുള്ളന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് 2025 ലെ ഐപിഎല്‍ സീസണിന് മികച്ച തുടക്കം കുറിച്ച പഞ്ചാബ് കിംഗ്സ് (PBKS) 2008 ലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ (RR) ആണ് നേരിടുന്നത്. രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം മത്സരം കാണാം. ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ പോരാട്ടം കൂടിയാണിത്.

2025 മാര്‍ച്ച് 25 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് 243/5 എന്ന സ്‌കോര്‍ നേടി, 11 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് സമ്മിശ്ര തുടക്കമായിരുന്നു. ആദ്യ രണ്ട് കളികളില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ് സിനെ തോല്‍പിക്കാന്‍ കഴിഞ്ഞു. നിതീഷിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ടീമിന്റെ വിജയം.

കഴിഞ്ഞ മത്സരങ്ങളിലെ ഫലം നോക്കുമ്പോള്‍ പഞ്ചാബ് കിംഗ്സ് രാജസ്ഥാന്‍ റോയല്‍സിനേക്കാള്‍ കൂടുതല്‍ പോയന്റ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യരുടെ മിന്നുന്ന പ്രകടനം ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.

പരമ്പരാഗതമായി ടീം ശക്തമാണെങ്കിലും, ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ക്ക് സ്ഥിരത നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.

പിച്ച് ബാറ്റിംഗിന് അനുയോജ്യമായ ട്രാക്ക് എന്നനിലയില്‍ ചണ്ഡീഗഢ് പ്രശസ്തമാണ്. വരള്‍ച്ച സ്പിന്നര്‍മാരെ സഹായിക്കും. ധാരാളം ചൂടും ഈര്‍പ്പവും ഉണ്ടാകും. നേരിയ മഴ പ്രവചിക്കപ്പെടുന്ന ചണ്ഡീഗഡില്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ മഴയ്ക്ക് സാധ്യതയുണ്ട്.

28 ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയല്‍സും പരസ്പരം പോരാടിയിട്ടുണ്ട്. ഇതില്‍ 12 മത്സരങ്ങള്‍ പി.ബി.കെ.എസും 16 മത്സരങ്ങള്‍ ആര്‍ആറും വിജയിച്ചു.

പഞ്ചാബ് കിംഗ്സ് സാധ്യതയുള്ള പ്ലെയിംഗ് ഇലവന്‍: പ്രിയാന്‍ഷ് ആര്യ, പ്രഭ് സിമ്രാന്‍ സിംഗ് (WK), ശ്രേയസ് അയ്യര്‍ (c), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, സൂര്യന്‍ഷ് ഷെഡ് ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ് ദീപ് സിംഗ്.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതയുള്ള പ്ലെയിംഗ് ഇലവന്‍: യശസ്വി ജയ് സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (c), ധ്രുവ് ജുറല്‍ (WK), ഷിമ്രോണ്‍ ഹെറ്റ് മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്പാണ്ഡെ.

Related Articles
Next Story
Share it