വെള്ളക്കെട്ടായി ഗദ്ദാഫി സ്റ്റേഡിയം; ഗ്രൗണ്ട് സജ്ജമാക്കുന്നതിനിടെ നിലംപതിച്ച് ജീവനക്കാരന്‍; പിസിബിക്കെതിരെ ഉയരുന്നത് രൂക്ഷവിമര്‍ശനം

ലഹോര്‍: ഐസിസി ടൂര്‍ണമെന്റായ ചാംപ്യന്‍സ് ട്രോഫിക്ക് ഇത്തവണ വേദിയായത് പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയമാണ്. മൂന്നു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് പാകിസ്ഥാന് ചാംപ്യന്‍സ് ട്രോഫിയില്‍ ആതിഥ്യം വഹിക്കാന്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ കനത്ത മഴ കാരണം ഇപ്പോള്‍ കളി തടസപ്പെട്ടതോടെ പിസിബിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ചാംപ്യന്‍സ് ട്രോഫിക്കായി കോടികള്‍ മുടക്കി നവീകരിച്ച സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ഗദ്ദാഫി സ്റ്റേഡിയം.

മൂന്നാം മത്സരവും മഴ മുടക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. കഴിഞ്ഞദിവസം ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ മത്സരം മഴമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് പരമാവധി ശ്രമിച്ചെങ്കിലും, സ്റ്റേഡിയം മത്സരസജ്ജമാക്കാനും ആയില്ല. ഇതോടെ ഗ്രൗണ്ടിലെ ഡ്രൈനേജ് സംവിധാനത്തിലെ പാളിച്ചയാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

സ്‌പോഞ്ചും മറ്റും ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം നീക്കാന്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ശ്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. വെള്ളം തുടച്ചുനീക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ട് സ്റ്റാഫില്‍ ഒരാള്‍ തെന്നിവീഴുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഗദ്ദാഫി സ്റ്റേഡിയത്തിലെ മോശം ഡ്രൈനേജ് സംവിധാനം നിമിത്തം അഫ്ഗാനിസ്ഥാന്റെ സെമി സാധ്യതകളും വെള്ളത്തിലായെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിമര്‍ശനം.

മഴ പിന്നീട് തോര്‍ന്നെങ്കിലും, ഗ്രൗണ്ട് മത്സരസജ്ജമാക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫിന്റെയും മറ്റും ശ്രമം വിജയിക്കാതെ പോയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മഴ തോര്‍ന്നാല്‍ വളരെ പെട്ടെന്ന് ഗ്രൗണ്ട് മത്സരസജ്ജമാക്കാവുന്ന സ്റ്റേഡിയങ്ങള്‍ ഉള്ളപ്പോള്‍ കോടികള്‍ മുടക്കി നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിലെ മത്സരം നടത്താനാകാതെ പോയതിലുള്ള പരിഭവമാണ് വിമര്‍ശകര്‍ എടുത്തുകാണിക്കുന്നത്.

പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ മഴ മൂലം ഉപേക്ഷിക്കേണ്ടി വരുന്ന മൂന്നാമത്തെ മത്സരമാണിത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് മത്സരങ്ങള്‍ മഴമൂലം ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Related Articles
Next Story
Share it