ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പ്രണയം തുറന്നുപറഞ്ഞ് സംവിധായകന്‍ പലാഷ് മുച്ചല്‍; വിവാഹം ഉടന്‍ ഉണ്ടാകും എന്ന് സ്ഥിരീകരണം

ആറുവര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം

മുംബൈ: ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പലാഷ് മുച്ചല്‍. വെള്ളിയാഴ്ച സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 30 കാരനായ പലാഷ് മറുപടി നല്‍കിയത്. സ്മൃതി മന്ദാനയുമായുള്ള പ്രണയം തുറന്നുപറയുകയും വിവാഹം ഉടന്‍ നടക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഇന്‍ഡോര്‍ സ്വദേശിയായ പലാഷിന്റെ മറുപടി ഇങ്ങനെ:

'അവള്‍ ഉടന്‍ തന്നെ ഇന്‍ഡോറിന്റെ മരുമകളായി മാറും... അത്രയേ എനിക്ക് പറയാനുള്ളൂ'. ഇതോടെ മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങളാണ് അവസാനിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ഇത് ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പലാഷിന്റെ തുറന്നുപറച്ചിലിലൂടെ അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ആറുവര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനും മുച്ചല്‍ തന്റെ ആശംസകള്‍ നേര്‍ന്നു. 'ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും സ്മൃതിക്കും (മന്ദാന) എന്റെ ആശംസകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് മഹത്വം കൊണ്ടുവരണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്ററുമായ സ്മൃതി മന്ദാന ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പങ്കെടുക്കാനായി ഇന്‍ഡോറിലാണ്. സെമിഫൈനലില്‍ എത്താന്‍ ഇന്ത്യയ്ക്ക് ഒരു വിജയം ആവശ്യമുള്ളതിനാല്‍ ഈ മത്സരം പ്രധാനമാണ്, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതിനകം തന്നെ അവരുടെ സ്ഥാനം ഉറപ്പിച്ചു.

അതേസമയം ചരിത്രമാകുമായിരുന്ന ഒരു വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അത് എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായില്ല. ആവേശം അവസാന ഓവര്‍ വരെ നീണ്ട വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാലു റണ്‍സിന്റെ തോല്‍വിയാണ് സംഭവിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

സ്മൃതി മന്ഥാന (88), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (70), ദീപ്തി ശര്‍മ (50) എന്നിവരുടെ പോരാട്ടമികവാണ് ഇന്ത്യയെ വിജയത്തിനു തൊട്ടടുത്തു വരെയെത്തിച്ചത്. 47ാം ഓവറില്‍ ദീപ്തി ശര്‍മയെ പുറത്താക്കിയതാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനല്‍ ഉറപ്പിച്ചു. അടുത്ത രണ്ടു മത്സരങ്ങളിലും വിജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ.

അവിക ഗോറും ചന്ദന്‍ റോയിയും ഒന്നിക്കുന്ന 'രാജു ബജേവാല' എന്ന ചിത്രത്തിലാണ് പലാഷ് മുച്ചല്‍ ഇപ്പോള്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സഹോദരി പലക് മുച്ചലിനൊപ്പം നിരവധി ബോളിവുഡ് സിനിമകള്‍ക്ക് പലാഷ് സംഗീതം നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രണയബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരുടേയും വിവിധ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞവര്‍ഷം ആര്‍സിബി കിരീടം നേടിയപ്പോള്‍ ടീം ക്യാപ്റ്റനായ സ്മൃതിയും പലാഷും ഒരുമിച്ചുള്ള ചിത്രവും വൈറലായിരുന്നു.

Related Articles
Next Story
Share it