ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി പാക് പേസര്‍

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം

കറാച്ചി: സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പാക് താരം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. പാക് ടീമിന്റെ പരിശീലനത്തിനിടെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ രണ്ട് കളികളുണ്ടാകുമല്ലോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ചാല്‍ രണ്ടും നമ്മള്‍ ജയിക്കുമെന്നായിരുന്നു പാക് പേസര്‍ ഹാരിസ് റൗഫിന്റെ മറുപടി.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം. 2024 ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിന് മുമ്പ് 10ന് യുഎഇക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. യുഎഇക്കും പാകിസ്ഥാനും പുറമെ ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം.

ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒമാനും യുഎഇയുമാണ് മറ്റ് രണ്ട് ടീമുകളെന്നതിനാല്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തന്നെ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുമെന്നാണ് കരുതുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളും സൂപ്പര്‍ ഫോറിലെത്തും.

സൂപ്പര്‍ ഫോറില്‍ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിന് യോഗ്യത നേടുക. നിലവിലെ മത്സരക്രമം അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്ഥാനും മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇരു ടീമും ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ മൂന്നാമതൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടതിന് കൂടി വഴിയൊരുങ്ങും.

സ്‌ക്വാഡുകള്‍:

ഇന്ത്യ: സൂര്യകുമാര്‍ യാദവ് (സി), ശുഭ് മാന്‍ ഗില്‍ (വിസി), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ്), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ്), ഹര്‍ഷിത് റാണ, റിങ്കു സിംഗ്.

റിസര്‍വ് കളിക്കാര്‍: പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, യശസ്വി ജയ്സ്വാള്‍.

പാകിസ്ഥാന്‍: സല്‍മാന്‍ അലി ആഘ (സി), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (wk), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്സാദ അഫര്‍ഹാന്‍, സാഹിബ്സാദ എ ഫര്‍ഹാന്‍ സുഫ്യാന്‍ മൊകിം.

Related Articles
Next Story
Share it