ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല; സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കി, ആരാധകര്‍ക്ക് നിരാശ

സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ അംല തിരഞ്ഞെടുത്തത്

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല. 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ അവഗണിച്ചുകൊണ്ട്, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവരെയാണ് തന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ് മാന്‍മാരായി അംല തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കിയതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ നിരാശയിലാണ്. ടെസ്റ്റിലും ഏകദിനത്തിലും റെക്കോര്‍ഡ് ഭേദിച്ച ഈ റണ്‍വേട്ടക്കാരനെ ഒഴിവാക്കിയതിലുള്ള നിരാശ ആരാധകര്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ അംല തിരഞ്ഞെടുത്തത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം തന്റെ മനസിലുള്ള താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടത്. കോഹ്ലിയും ഡിവില്ലിയേഴ്സും അംലയുടെ മുന്‍ സഹതാരങ്ങളായിരുന്നു, റിച്ചാര്‍ഡ്സും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും ഭയപ്പെടുന്ന ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് വേണ്ടി കളിക്കുന്ന അംല നിലവില്‍ ഇംഗ്ലണ്ടിലാണ്. എബി ഡിവില്ലിയേഴ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സിനെതിരെ 42 കാരനായ അദ്ദേഹം 18 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കെതിരായ 52 മത്സരങ്ങളില്‍ നിന്ന് 2527 റണ്‍സടിച്ചിട്ടുള്ള അംല ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ വിവിധ ഫോര്‍മാറ്റുകളില്‍ നിന്നായി 349 മത്സരങ്ങളില്‍ നിന്ന് 18672 റണ്‍സടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 14 ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും അംല നയിച്ചിട്ടുണ്ട്.

അടുത്ത മത്സരത്തില്‍ ഇന്ത്യ ചാമ്പ്യന്‍സാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരശേഷമാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റര്‍മാര്‍ ആരെന്ന

സ്റ്റാര്‍ സ്പോര്‍ട്സിന്റെ ചോദ്യത്തിന് അംല മറുപടി നല്‍കിയത്. ലോക ക്രിക്കറ്റില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് ബ്രയാന്‍ ലാറയും സ്റ്റീവ് വോയും ജാക് കാലിസുമായിരുന്നെങ്കില്‍ പിന്നീട് അത് എ ബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായെന്ന് അംല പറഞ്ഞു.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റര്‍മാരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അംല സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പകരം വിരാട് കോലിയെ ആണ് തിരഞ്ഞെടുത്തത്. വിരാട് കോലിയുടെ പല അതിവേഗ റെക്കോര്‍ഡുകളും അംല തകര്‍ത്തിരുന്നു. ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ താന്‍ എല്ലായ്‌പ്പോഴും കാണാന്‍ ആഗ്രഹിച്ചത് യൂണിവേഴ്‌സല്‍ ബോസായ ക്രിസ് ഗെയ്ലിന്റെ കളിയാണെന്നും അംല പറഞ്ഞു. ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന്റെ നായകനാണ് ഗെയ്ല്‍.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ നാലു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മഴ മൂലം 11 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് 11 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തപ്പോള്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ലക്ഷ്യത്തിലെത്തി.

Related Articles
Next Story
Share it