ശിഖര്‍ ധവാന്‍ അടക്കമുള്ള താരങ്ങള്‍ പിന്‍മാറി; ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ് സിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കി
ബര്‍മിംഗ് ഹാമില്‍ നടക്കാനിരുന്ന മത്സരമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് സംഘാടകര്‍ ഉപേക്ഷിച്ചത്

ന്യൂഡല്‍ഹി: ശിഖര്‍ ധവാന്‍ അടക്കമുള്ള താരങ്ങള്‍ പിന്‍മാറിയതിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കി. ഞായറാഴ്ച ബര്‍മിംഗ് ഹാമില്‍ (ഇംഗ്ലണ്ട്) നടക്കാനിരുന്ന മത്സരമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് സംഘാടകര്‍ ഉപേക്ഷിച്ചത്. ശിഖര്‍ ധവാന്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നു. പിന്നാലെയാണ് സംഘാടകര്‍ സോഷ്യല്‍ മീഡിയയിലൂടെ മത്സരം ഉപേക്ഷിച്ചെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി, ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് സംഘാടകര്‍ക്ക് എഴുതിയ തുറന്ന കത്ത് ധവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കളിക്കാരുടെ ഈ തീരുമാനം.
രാജ്യമാണ് പ്രധാനമെന്നും മറ്റൊന്നും അതിലും വലുതല്ലെന്നുമായിരുന്നു ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. മേയ് 11 ന് എടുത്ത തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ധവാന്‍ വ്യക്തമാക്കി.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയും പാകിസ്ഥാനും പരസ്പരം ദ്വിരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും സംഘടിപ്പിക്കുന്ന മള്‍ട്ടി-ടീം ഇവന്റുകളില്‍ ഇരു ടീമുകളും ഏറ്റുമുട്ടാറുണ്ട്. WCL ഒരു സ്വകാര്യ മത്സരമായതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (BCCI) ലീഗിനെയോ അതിന്റെ കളിക്കാരെയോ നിയന്ത്രിക്കാന്‍ കഴിയില്ല.
'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം (ജൂലൈ 20 ഞായറാഴ്ച 16.30 ന്) റദ്ദാക്കിയതായി WCL ന്റെ ഇവന്റ് സംഘാടകര്‍ സ്ഥിരീകരിച്ചു. സ്റ്റേഡിയം അടച്ചിരിക്കുന്നതിനാല്‍ ദയവായി അകത്ത് പ്രവേശിക്കരുത്. എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും പണം തിരികെ ലഭിക്കും, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,' എന്നാണ് എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സംഘാടകര്‍ അറിയിച്ചത്.
ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങളും പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ എത്തിയാല്‍ സംഘാടകര്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത സ്വകാര്യ ടൂര്‍ണമെന്റാണ് 'വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ് സ്'. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിരമിച്ച താരങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.