ശുഭ് മന്‍ ഗില്ലിനെ പുറത്താക്കിയശേഷമുള്ള ആഘോഷം; പാക് ടീമിനെതിരെ വിമര്‍ശനവുമായി വസീം അക്രം

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശുഭ് മന്‍ ഗില്ലിന്റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയില്‍ ആഘോഷം നടത്തിയ സ്പിന്നര്‍ അബ്റാര്‍ അഹമ്മദിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുന്‍ കളിക്കാര്‍ രംഗത്തെത്തിയത്.

ടീമിലെ മൂന്നു പേസര്‍മാരെയും പുറത്താക്കണമെന്നായിരുന്നു മുന്‍ ക്യാപ്റ്റനും പരിശീലകനുമായ മുഹമ്മദ് ഹഫീസിന്റെ അഭിപ്രായപ്രകടനം. താരങ്ങള്‍ എങ്ങനെയാണ് ഇത്രമാത്രം സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതെന്നും മത്സരത്തിന് മുന്‍പ് തന്നെ പാക് കളിക്കാര്‍ അതീവ സമ്മര്‍ദത്തിലായിരുന്നുവെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം പരിശോധിക്കണമെന്നും മുന്‍ താരം ജാവേദ് മിയാന്‍ദാദും ആവശ്യപ്പെട്ടു. അതേസമയം, ഈ ഫലം പ്രതീക്ഷിച്ചതാണെന്നും തനിക്ക് നിരാശയില്ലെന്നും മുന്‍ പാകിസ്ഥാന്‍ പേസ് ബോളര്‍ ശുഐബ് അക്തര്‍ പറഞ്ഞു.

'ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ ആ പന്ത് വളരെ മികച്ചതായിരുന്നു. അത് എനിക്ക് വളരെയധികം ഇഷ്ടമായി. പക്ഷേ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള ആഘോഷം ഒട്ടും നല്ലതായി തോന്നിയില്ല. എല്ലാറ്റിനും ഒരു സമയമുണ്ട്. ടീം വിജയത്തിലേക്ക് നീങ്ങുമ്പോഴാണെങ്കില്‍ ധൈര്യമായി വിജയം ആഘോഷിക്കാം. എന്നാല്‍ ടീം പരാജയത്തിന്റെ വക്കിലെത്തിയ സമയത്ത് വിക്കറ്റ് ലഭിച്ചാലും കുറച്ചുകൂടി എളിമ കാണിക്കുക.

എന്നാല്‍ അത് ഇവിടെ സംഭവിച്ചില്ല. ടീം പരാജയത്തിലേക്ക് പോകുന്നതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് തികച്ചത് പോലുള്ള ആഘോഷം എന്നും ഇക്കാര്യം അബ്റാറിന് പറഞ്ഞുകൊടുക്കാന്‍ ആരുമില്ല. ആ ആഘോഷമാണ് എല്ലാം നശിപ്പിച്ചത്.' എന്നും അക്രം വിമര്‍ശിച്ചു.

'നമ്മുടെ സംവിധാനങ്ങളെയും സെലക്ടര്‍മാരെയുമൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ കളിക്കാര്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കുറവു വന്നിട്ടുണ്ടോ എന്ന് പരിശോധിക്കൂ. പിസിബി വേണ്ടവിധത്തില്‍ ഇവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലേ? അവര്‍ക്ക് ആവശ്യത്തിന് പ്രതിഫലം നല്‍കുന്നില്ലേ? ഇത്തരം വലിയ ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശമൊക്കെ എവിടെപ്പോയി?' എന്നായിരുന്നു ജാവേദ് മിയാന്‍ദാദ് ചോദിച്ചത്.

'സത്യത്തില്‍ നമ്മുടെ കളിക്കാരെല്ലാം മത്സരത്തിന് മുന്‍പ് തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അവരുടെ ശരീരഭാഷയില്‍ത്തന്നെ അതു കാണാം. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കണമെന്ന മനോഭാവം ഒരു കളിക്കാരനില്‍പ്പോലും കണ്ടില്ല' എന്നും മിയാന്‍ദാദ് പറഞ്ഞു.

'എനിക്ക് നിരാശയില്ല. കാരണം ഇതൊക്കെത്തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അഞ്ച് സ്‌പെഷലിസ്റ്റ് ബോളര്‍മാരെ ഉള്‍പ്പെടുത്താതെ കളിച്ചാല്‍ ഇതല്ലാതെ എന്ത് സംഭവിക്കാന്‍? ഈ ലോകം മുഴുവന്‍ അഞ്ച് ബോളര്‍മാരെയാണ് കളിപ്പിക്കുന്നത്.

നമ്മള്‍ മാത്രം ഓള്‍റൗണ്ടര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്താണ് ഇതിനു പിന്നിലെ ചിന്ത എന്ന് മനസ്സിലാകുന്നില്ല. ടീം മാനേജ്‌മെന്റിന് ഒന്നും മനസ്സിലാകുന്നില്ലെന്ന് തോന്നുന്നു. അക്കാര്യത്തില്‍ എനിക്ക് നിരാശയുണ്ട്. ഈ കളിക്കാരോട് ഞാന്‍ എന്താണ് പറയേണ്ടത്? മാനേജ്‌മെന്റിന്റെ അതേ വഴിയേയാണ് അവരുടെയും സഞ്ചാരം' എന്ന് അക്തര്‍ പറഞ്ഞു.

പാകിസ്ഥാനെ നേരിടുമ്പോള്‍ വിരാട് കോലി പ്രത്യേക മികവ് കൈവരിക്കുന്നുണ്ടെന്നും, കോലിയാണ് യഥാര്‍ഥ രാജാവെന്നും മുന്‍ താരം മുഹമ്മദ് ഹഫീസ് പറഞ്ഞു

'വലിയ വേദികളിലെ ഏറ്റവും മികച്ച പ്രകടനമാണ് വിരാട് കോലിയുടെ പ്രത്യേകത. വലിയ ടൂര്‍ണമെന്റുകള്‍ ലക്ഷ്യമിട്ട് കോലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഇന്ത്യയ്ക്കെതിരെ ശുഐബ് മാലിക്ക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അങ്ങനെയാണ് മാലിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായത്.

ഇന്ത്യയ്ക്കെതിരെ അനായാസം സിക്‌സറുകള്‍ പായിച്ചാണ് ഷാഹിദ് അഫ്രീദി താരമായത്. വിരാട് കോലിയും അങ്ങനെ തന്നെ. ഇത്തരം മത്സരങ്ങള്‍ക്കായി കാത്തിരുന്ന് അവസരം ഉപയോഗപ്പെടുത്തുകയാണ് കോലി. ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിക്കാന്‍ തനിക്കാകുമെന്ന ചിന്തയോടെയാണ് കോലിയൊക്കെ ക്രീസില്‍ വരുന്നതുതന്നെ. വെറുതെ കളിക്കുകയല്ല, ടീമിനെ ജയിപ്പിച്ചിട്ടേ തിരിച്ചുകയറൂ എന്നതാണ് ചിന്ത' - എന്നും ഹഫീസ് പറഞ്ഞു.

Related Articles
Next Story
Share it