മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ്; ഗ്രൂപ്പ് മത്സരത്തില്‍ മുബൈയെ വീഴ്ത്തി കേരളം
മൂന്നുവിജയങ്ങളില്‍ 12 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് കേരളം
മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ മുംബൈയെ 43 റണ്‍സിന് തോല്‍പ്പിച്ച് കേരളപ്പട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് മുന്നില്‍ മുംബൈക്ക് അടിപതറുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ മുംബൈയുടെ കരുത്ത് 191 റണ്‍സിലൊതുങ്ങി. കേരളത്തിന് വേണ്ടി റണ്‍മഴ തീര്‍ത്തത് സല്‍മാന്‍ നിസാറും രോഹന്‍ കുന്നുമ്മലുമാണ്. 49 പന്തില്‍ പുറത്താകാതെ 99 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്. രോഹന്‍ കുന്നുമ്മല്‍ 48 പന്തില്‍ 87 റണ്‍സും നേടി. നാല് വിക്കറ്റെടുത്ത് ബൗളിംഗില്‍ എം.ഡി നിധീഷ് ഫോം വീണ്ടെടുത്തപ്പോള്‍ മുബൈ നിലംപരിശായി. ഓപ്പണര്‍ ആയിരുന്ന സഞ്ജു സാംസണ്‍ നാല് ബോളില്‍ നാല് റണ്‍സെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായുടെയും അംക്രിഷ് രഘുവംശിയുടെയും കൂട്ട്‌കെട്ട് മുംബൈക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ 31 ആയപ്പോള്‍ നാലാം ഓവറില്‍ പൃഥ്വി ഷാ നിധീഷിന്റെ ബൗളിംഗില്‍ വീണു.13 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 23 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരത്തെ അജിനാസാണ് കൈകളിലൊതുക്കിയത്. 15 പന്തില്‍ 16 റണ്‍സെടുത്ത രഘുവംശിയും നിധീഷിന്റെ ഫോം പ്രതിരോധിക്കാനാവാതെ പുറത്ത് പോവേണ്ടി വന്നു. തുടര്‍ന്ന് ക്രീസിലുണ്ടായിരുന്ന ശ്രേയസ്സ് അയ്യരും രഹാനെയും പ്രതീക്ഷ കാത്തെങ്കിലും ബാസിത്ത് ശ്രേയസ്സ് അയ്യരെ പുറത്താക്കി. ഷംസ് മുലാനിക്കും സൂര്യാംശ് ഷെഡ്‌ജെക്കും ക്രീസില്‍ അധിക നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. മറുവശത്ത് 35 ബോളില്‍ 65 റണ്‍സെടുത്ത രഹാനെയെ 18ാം ഓവറില്‍ പുറത്താക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായി സല്‍മാന്‍ നിസാറിനെ തിരഞ്ഞെടുത്തു. ഇ ഗ്രൂപ്പില്‍ കേരളത്തിന്റെ നാലാം മത്സരമാണിത്. ഇതില്‍ മൂന്നുവിജയങ്ങളില്‍ 12 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് കേരളം. മൂന്നു കളിയില്‍ 12 പോയിന്റുള്ള ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്ത്.