FINED | കുറഞ്ഞ ഓവര്‍ നിരക്ക്; മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി

അഹമ്മദാബാദ്: കുറഞ്ഞ ഓവര്‍ നിരക്ക് ചൂണ്ടിക്കാട്ടി മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎല്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹാര്‍ദിക്കിന് പിഴ ചുമത്തിയത്. അഞ്ച് തവണ ചാമ്പ്യന്മാരായ ഹാര്‍ദിക്കിന് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉണ്ടായത്.

ഐപിഎല്ലിന്റെ 18-ാം സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഇതോടെ വീണ്ടും തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു മത്സരത്തില്‍ വിലക്ക് നേരിട്ട ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഗുജറാത്ത് സീസണിലെ ആദ്യ വിജയം നേടുകയും ചെയ്തു.

ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്, കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന്‍മാരെ വിലക്കുന്നത് നിര്‍ത്തലാക്കാന്‍ ഐപിഎല്‍ തീരുമാനിച്ചിരുന്നു.

അതേസമയം, ഹാര്‍ദിക്കിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ദിനമായിരുന്നു കഴിഞ്ഞദിവസം അഹമ്മദാബാദിലേത്. ബൗളിംഗില്‍ 4 ഓവറില്‍ വെറും 29 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിനിടെ ഗുജറാത്ത് താരം സായ് കിഷോറുമായി ഹാര്‍ദിക് ഇടയുകയും ചെയ്തു. അമ്പയര്‍മാര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.

മത്സര ശേഷം സായ് കിഷോറും ഹാര്‍ദികും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഇരുടീമുകളുടെയും ആരാധകര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്തു. ഹാര്‍ദിക് തന്റെ നല്ല സുഹൃത്താണെന്നും കളിക്കളത്തിനകത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും സായ് കിഷോര്‍ പറഞ്ഞു.

മത്സരത്തിനിടെയുണ്ടാകുന്ന സംഭവങ്ങള്‍ രണ്ടുപേരും വ്യക്തിപരമായി എടുക്കാറില്ലെന്നും താരം വ്യക്തമാക്കി. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വിജയിച്ച് ശക്തമായി തിരിച്ചുവരാനായില്ലെങ്കില്‍ മുന്നോട്ടുള്ള യാത്രയില്‍ മുംബൈയ്ക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

Related Articles
Next Story
Share it