ലിയോണല്‍ മെസി കേരളത്തില്‍ എത്തുന്നത് ആരാധകര്‍ക്കുള്ള ഓണസമ്മാനം; കായികമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും മന്ത്രി

തിരുവനന്തപുരം: ഒടുവില്‍ ഏറെ വിവാദത്തിനുശേഷം അര്‍ജന്റീനന്‍ ഫുട് ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കേരളത്തില്‍ എത്തുന്നു. കായികമന്ത്രി വി അബ്ദുറഹിമാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് ആരാധകര്‍ക്കുള്ള ഓണസമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ലിയണല്‍ മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ ചുറ്റിപ്പറ്റിയുള്ള മാസങ്ങള്‍ നീണ്ട അനിശ്ചിതത്വമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. നവംബറില്‍ സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം തന്റെ ലോകകപ്പ് ജേതാക്കളായ ടീമിനെ നയിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫിഫ ലോകകപ്പ് ജേതാക്കളാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട് ബോള്‍ ടീം.

ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം. എന്നാല്‍ കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം.

'അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരത്തിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച രാത്രിയാണ് എ.എഫ്.എയില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ മത്സരം കാണാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. അര്‍ജന്റീന ഫുട് ബോള്‍ ടീമുമായി കളിക്കാന്‍ പല ടീമുകളും സന്നദ്ധത അറിയിക്കുന്നു. ഓസ്‌ട്രേലിയന്‍ ടീം ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്'- എന്നും മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.

2011 സെപ്റ്റംബറിലാണ് ലിയോണല്‍ മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

Related Articles
Next Story
Share it