മെസ്സി ഉറപ്പായും കേരളത്തില്‍ വരും നിരാശ വേണ്ട; കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളോട് കായിക മന്ത്രി

മാര്‍ച്ചില്‍ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയെന്നും വി അബ്ദു റഹ്‌മാന്‍

മലപ്പുറം: ലയോണല്‍ മെസ്സി ഉറപ്പായും കേരളത്തില്‍ വരുമെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍. രണ്ടു ദിവസം മുമ്പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നുവെന്നും വരുന്ന മാര്‍ച്ചില്‍ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയെന്നുമാണ് വി അബ്ദു റഹ്‌മാന്‍ പറഞ്ഞത്. നവംബറില്‍ കളി നടക്കേണ്ടതായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആദ്യത്തെ സ്‌പോണ്‍സര്‍ ആണ് വരുമെന്ന പ്രഖ്യാപനം കഴിഞ്ഞവര്‍ഷം ആദ്യം നടത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ ഒഴിഞ്ഞപ്പോള്‍ ആശങ്കയുണ്ടായി. ഇപ്പോഴത്തെ സ്പോണ്‍സറുമായി സംസാരിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ അറിയിക്കാം. മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് മെസ്സി വരുന്നത് സ്വകാര്യ സന്ദര്‍ശനമാണെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

മെസ്സിയും അര്‍ജന്റീനയും ഈ വര്‍ഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ, നവീകരണത്തിനെന്ന പേരില്‍ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, സ്‌പോണ്‍സറെ കണ്ടെത്തിയത് എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം മുറികേസിലെ പ്രതികളെ സ്‌പോണ്‍സറാക്കിയതെന്ന പഴിയും കേള്‍ക്കേണ്ടി വന്നു.

Related Articles
Next Story
Share it