ഓറഞ്ച് ക്യാപ്പ്: റണ്‍വേട്ടയില്‍ കുതിച്ച് കയറി വിരാട് കോലി; ഇനി മറികടക്കേണ്ടത് ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനെ
ഈ ഐപിഎല്‍ സീസണില്‍ കോലി നേടുന്ന അഞ്ചാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്.

ബെംഗളൂരു: റണ്‍വേട്ടയില്‍ കുതിച്ച് കയറി വിരാട് കോലി. ഇനി കോലിക്ക് മുന്നിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ മാത്രം. ഐപിഎലിന്റെ പതിനെട്ടാം എഡിഷനില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ കോലി 42 പന്തില്‍ 70 റണ്‍സെടുത്തിരുന്നു.
ഈ ഐപിഎല്‍ സീസണില്‍ കോലി നേടുന്ന അഞ്ചാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്. 32 പന്തില്‍ നിന്നാണ് കോലി രാജസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി കുറിച്ചത്. ഇതില്‍ 8 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടുന്നു. ബെംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് വിരാട് കോലി.
9 മത്സരങ്ങളില്‍ നിന്ന് 65.33 ശരാശരിയില്‍ 392 റണ്‍സുമായി 18ാം സീസണിലെ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്താണ്. 8 മത്സരങ്ങളില്‍ നിന്ന് 52.12 ശരാശരിയില്‍ 417 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ ആണ് കോലിയ്ക്ക് മുന്നിലുള്ളത്.
9 മത്സരങ്ങളില്‍ നിന്ന് 47.12 ശരാശരിയില്‍ 377 റണ്‍സ് നേടിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നിക്കോളാസ് പൂരാനാണ് മൂന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 9 മത്സരങ്ങളില്‍ നിന്ന് 62.16 ശരാശരിയില്‍ 377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 39.55 ശരാശരിയില്‍ 356 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ് സ്വാളാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്ത്.
കഴിഞ്ഞദിവസം രാജസ്ഥാനെതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ബെംഗളൂരു 11 റണ്‍സിനാണ് വിജയിച്ചത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സില്‍ ഒതുങ്ങി. ആറാം ജയത്തോടെ ആര്‍സിബി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 9 മത്സരങ്ങളില്‍ 7 പരാജയങ്ങള്‍ ഏറ്റുവാങ്ങിയ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ 8-ാം സ്ഥാനത്താണ്.