കിംഗ് ടു പ്രിന്‍സ്: ടെസ്റ്റ് ക്യാപ് റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച് ശുഭ് മാന്‍ ഗില്‍; മറികടന്നത് കോഹ്ലിയുടെ റെക്കോര്‍ഡ്

ഇനി മറികടക്കാനുള്ളത് രോഹിത് ശര്‍മയെ

ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ് മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ടെസ്റ്റില്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഗില്‍. 127 റണ്‍സുമായി ഗില്‍ പുറത്താകാതെ ക്രീസിലുണ്ട്. 140 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ച്വറി നേടിയത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ് മത്സരത്തിന് മുമ്പുതന്നെ വിരമിച്ചതോടെയാണ് ടീമിന്റെ ഉത്തരവാദിത്തം 25കാരനായ ഗില്ലിനെ ഏല്‍പ്പിച്ചത്.

ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആദ്യം ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കട്ടെ എന്നായിരുന്നു പലരും പറഞ്ഞത്. ടീമിനെ നയിക്കാനുള്ള പാകത ഗില്ലിന് ആയിട്ടില്ലെന്നും ഇവര്‍ വാദിച്ചിരുന്നു. മാത്രമല്ല, ഇംഗ്ലണ്ടില്‍ ഗില്ലിന്റെ പ്രകടനവും ചോദ്യം ചെയ്യപ്പെട്ടു. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ വെറും 14.66 ശരാശരി മാത്രമുള്ള ഗില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം അരങ്ങേറ്റ മത്സരത്തില്‍ തന്നെ മറുപടി നല്‍കാന്‍ ഗില്ലിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ച്വറി ആണ് ഗില്‍ നേടിയത്. സെഞ്ച്വറി നേട്ടത്തോടെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കാന്‍ ഗില്ലിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടം ഗില്ലിന് സ്വന്തമായി. മറികടന്നത് കോഹ്ലിയേയും യശസ്വി ജയ് സ്വാളിനേയും. ലീഡ് സില്‍ ജയ് സ്വാളും സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഈ ഇന്ത്യന്‍ ഓപ്പണറെ മറികടക്കാന്‍ ഗില്ലിന് അധികം സമയം വേണ്ടി വന്നില്ല.

ഇനി രോഹിത് ശര്‍മയാണ് ഗില്ലിന് മുന്നിലുള്ള താരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്റെ പേരില്‍ ഒമ്പത് സെഞ്ച്വറികളാണുള്ളത്. ഏഷ്യയ്ക്ക് പുറത്ത് ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. സച്ചിനും കോഹ്ലിയും കളിച്ച നാലാം നമ്പറില്‍ ഗില്‍ മികച്ച ഫോം തുടരുമെന്നാണ് ആരാധകരുടെ വിശ്വാസം. പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ഗില്ലിന്റെ ഫോം നിര്‍ണായകമാണ്.

ടെസ്റ്റ് കരിയറില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു. 107 റണ്‍സ് നേടിയപ്പോഴാണ് ഗില്‍ 2000 റണ്‍സ് സ്വന്തമാക്കിയത്. അതേസമയം ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, വിരാട് കോഹ്ലി എന്നിവരാണ് മുമ്പ് ഈ റെക്കോര്‍ഡ് നേടിയിരുന്നത്.

ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും ഗില്‍ മാറി, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Articles
Next Story
Share it