'പോ, പോയി പന്തെറിയ്'; മത്സരത്തിനിടെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പാക്ക് പേസറുടെ വായ അടപ്പിച്ച് വൈഭവ് സൂര്യവംശി

അടുത്ത പന്തില്‍ ബൗണ്ടറിയിലൂടെ പ്രതികാരവും തീര്‍ത്തു

ദോഹ: ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആരാധകരെ സംബന്ധിച്ചിടത്തോളം എന്നും വാശിയേറിയതായിരുന്നു. കളിക്കാരും അങ്ങനെ തന്നെ. ഞായറാഴ്ച ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടത്തിനിടെ അത്തരം ഒരു സംഭവം നടക്കുകയുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പാക്ക് പേസര്‍ ഉബൈദ് ഷായും ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള വാക് പോരായിരുന്നു അത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ ഉബൈദ് ഷായെ ബൗണ്ടറി കടത്തിയാണ് വൈഭവ് തുടങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ഓവറിനിടെ ഉബൈദ് ഷാ വൈഭവിനെ പ്രകോപിക്കാന്‍ ശ്രമിക്കുകയായിരുന്നു. വൈഭവിന് പന്തിനു മേല്‍ നിയന്ത്രണം നഷ്ടമായപ്പോഴായിരുന്നു, പാക്ക് പേസറുടെ പ്രകോപനപരമായ സമീപനം ഉണ്ടായത്.

ഇതോടെ 'പോ, പോയി പന്തെറിയ്'എന്നാണ് വൈഭവ് പാക്ക് താരത്തോടു പറഞ്ഞത്. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വൈഭവിന്റെ പ്രതികരണം പതിഞ്ഞത്. തൊട്ടടുത്ത പന്തില്‍ ഉബൈദിനെ കവറിനു മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചും വൈഭവ് സൂര്യവംശി മറുപടി നല്‍കി. സൂര്യവന്‍ഷിയുടെ ബാറ്റിംഗ് മികവില്‍ പാകിസ്ഥാന്‍ സ്പീഡ് സ്റ്റര്‍ പ്രത്യക്ഷത്തില്‍ ഞെട്ടിപ്പോയി. മത്സരത്തില്‍ 28 പന്തുകള്‍ നേരിട്ട വൈഭവ് 45 റണ്‍സെടുത്താണ് പുറത്തായത്. മൂന്നു സിക്‌സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി.

സുഫിയാന്‍ മുഖീം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഫൈഖ് ക്യാച്ചെടുത്താണ് വൈഭവിന്റെ പുറത്താകല്‍. വൈഭവ് സിക്‌സിന് ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനിന് സമീപത്തുനിന്ന് പാക്ക് ഫീല്‍ഡര്‍ പന്ത് പിടിച്ചെടുക്കുകയായിരുന്നു. റീപ്ലേ പരിശോധനകള്‍ക്കു ശേഷമാണ് തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചത്. പുറത്തായി മടങ്ങുന്നതിനിടെ ബാറ്റു കൊണ്ട് ഗ്രൗണ്ടില്‍ അടിച്ചാണ് വൈഭവ് രോഷം തീര്‍ത്തത്.

വൈഭവിന്റെ പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. 19 ഓവറില്‍ 136 റണ്‍സടിച്ചാണ് ഇന്ത്യ പുറത്താകുന്നത്. 20 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ നമന്‍ ധീറും പാക്കിസ്ഥാനെതിരെ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ വിജയത്തിലെത്തി. 40 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പാക്കിസ്ഥാന്‍ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കിയത്.

സാദ് മസൂദ്, സുഫിയാന്‍ മുഖീം, മാസ് സദഖത്ത് എന്നീ സ്പിന്‍ ത്രയങ്ങള്‍ മധ്യ ഓവറുകളില്‍ സ്‌കോറിങ്ങിന് ബ്രേക്ക് നല്‍കുകയും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പേസര്‍മാരും തങ്ങളുടെ പങ്ക് നിര്‍വഹിച്ചു, ഷാഹിദ് അസീസ് മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Related Articles
Next Story
Share it