ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരന്‍; റെക്കോര്‍ഡ് നേട്ടവുമായി ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ജോ റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടം.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ജോ റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ 69 മത്സരങ്ങളില്‍ നിന്നാണ് റൂട്ട് 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. സ്റ്റീവ് സ്മിത്ത് (4,278), മാര്‍നസ് ലാബുഷാഗ്‌നെ (4,225), ബെന്‍ സ്റ്റോക്‌സ് (3,616), ട്രാവിസ് ഹെഡ് (3,300) എന്നിവരെയാണ് അദ്ദേഹം മറികടന്നത്.

ഓവല്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ് സില്‍ നേടിയ സെഞ്ച്വറിയോടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്‍സെടുത്തു. റൂട്ടിന്റെ കരിയറിലെ 39 ടെസ്റ്റ് സെഞ്ച്വറിയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ജോ റൂട്ട് 20 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറികളും നേടി.

ഇതോടൊപ്പം ഹോം ടെസ്റ്റില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായിരുന്നു ജോ റൂട്ട്. മൂന്ന് തവണ അദ്ദേഹം ഇന്ത്യക്കെതിരെ 500ലധികം റണ്‍സ് നേടി. എവര്‍ട്ടണ്‍ വീകെസ് (വെസ്റ്റ് ഇന്‍ഡീസ്), സഹീര്‍ അബ്ബാസ് (പാകിസ്ഥാന്‍), യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ) എന്നിവരെയാണ് റൂട്ട് മറികടന്നത്.

അഞ്ച് പേരും രണ്ട് തവണ 500+ സ്‌കോര്‍ നേടിയിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ഏറ്റവും കൂടുതല്‍ 300+ സ്‌കോറുകള്‍ പിറക്കുന്ന പരമ്പരകളില്‍ ഒന്നാണിത്. 14 തവണ 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ വന്നു. ഇക്കാര്യത്തില്‍ 1928-29 ആഷസിനൊപ്പമാണിത്. അന്നും 14 തവണ 300+ സ്‌കോറുകള്‍ പിറന്നിരുന്നു.

ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 38 സെഞ്ച്വറികള്‍ നേടിയ മുന്‍ ശ്രീലങ്കന്‍ താരം സംഗക്കാരയേയാണ് റൂട്ട് പിന്നിലാക്കിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.

Related Articles
Next Story
Share it