ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ബുമ്രയും ജയ്സ്വാളും പുറത്ത്: ഇന്ത്യക്ക് കനത്ത തിരിച്ചടി!

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ജസ്പ്രിത് ബുമ്രയേയും യശസ്വി ജയ്സ്വാളിനേയും ടീമില്‍ നിന്നും ഒഴിവാക്കി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതാണ് ബുമ്രയ്ക്ക് വിനയായത്. ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണ ടീമില്‍ ഇടംനേടി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്.

നേരത്തെ, ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്രയ്ക്ക് ഇടം ലഭിച്ചിരുന്നു. എന്നാല്‍ ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി അടുത്തതോടെയാണ് ബുമ്ര ഫിറ്റ് അല്ലെന്ന കാര്യം ബിസിസിഐ അറിയിച്ചത്. നിലവില്‍ ബംഗളൂരു, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുമ്ര ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം കളിച്ചിട്ടില്ല.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുക്കണമെന്ന ആവശ്യം മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്‌ക്വാഡ് മാത്രമാണെന്നും വരുണ്‍ ചക്രവര്‍ത്തിയെ ഇനിയും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താവുന്നതേ ഉള്ളൂവെന്നും അശ്വിന്‍ പറഞ്ഞിരുന്നു. അശ്വിന്‍ പറഞ്ഞതുപോലെതന്നെ വരുണ്‍ ചക്രവര്‍ത്തിയും ഇപ്പോള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

Related Articles
Next Story
Share it