വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേടി ജസ്പ്രീത് ബുംറ; തകര്‍ത്തത് കപില്‍ ദേവിന്റെ റെക്കോര്‍ഡ്
ഇമ്രാന്‍ ഖാനൊപ്പം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബുംറ

വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേടി ജസ്പ്രീത് ബുംറ. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡ് ആണ് താരം തകര്‍ത്തത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഈ നേട്ടം ബുംറയെ തേടിയെത്തുന്നത്.
വിദേശത്ത് ബുംറയുടെ പതിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 35 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ നേട്ടം. 66 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ദേവ് 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കി.
രണ്ടാം ദിനത്തിലെ ബുംറയുടെ പ്രകടനം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചു. ആദ്യം ബെന്‍ സ്റ്റോക്സിന്റെ (44) വിക്കറ്റാണ് ബുംറ എടുത്തത്. തൊട്ടുപിന്നാലെ ജോ റൂട്ടിന്റെ (104) വിക്കറ്റും എടുത്തു. ടെസ്റ്റ് കരിയറില്‍ 11-ാം തവണയാണ് ബുംറ ഈ ഇംഗ്ലണ്ട് താരത്തെ പുറത്താക്കുന്നത്. ക്രിസ് വോക്സ്, ജാമി സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളും ബുംറ എടുത്തു. ലോര്‍ഡ്സില്‍ ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമായും ഇംഗ്ലണ്ടില്‍ മൊത്തത്തില്‍ നാലാമത്തെതുമാണ്.
ഇമ്രാന്‍ ഖാനൊപ്പം (4) രാജ്യത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബുംറ. അഞ്ച് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ബുംറയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 387 റണ്‍സിന് പുറത്താക്കി.
ആകെ 47 ടെസ്റ്റില്‍ നിന്ന് 215 വിക്കറ്റ് നേടിയ ബുംറയ്ക്ക്, എല്ലാ ഫോര്‍മാറ്റിലുമായി ആകെ 453 വിക്കറ്റായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറും ബുംറ തന്നെയാണ്. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനെയാണ് ബുംറ മറികടന്നത്. നിലവില്‍ 12 വിക്കറ്റ് നേട്ടമായി ബുംറയ്ക്ക്. 11 തവണ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (10), നതാന്‍ ലിയോണ്‍ (10) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
അതേസമയം, മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 387 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ കെ എല്‍ രാഹുലും 19 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ യശസ്വി ജയ് സ്വാള്‍ (13), കരുണ്‍ നായര്‍ (40), ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 242 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.