യാനിക് സിന്നറിന് വിംബിള്‍ഡണ്‍; ഫൈനലില്‍ അല്‍ക്കാരസിനെ പരാജയപ്പെടുത്തി

വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും സിന്നറിന് സ്വന്തം.

ലണ്ടന്‍: മുന്‍ ചാമ്പ്യനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നര്‍. സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായിരുന്ന കാര്‍ലോസ് അല്‍കാരസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇരുപത്തിമൂന്നുകാരനായ ലോക ഒന്നാം നമ്പര്‍ താരം സിന്നര്‍ കന്നി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 4-6, 6-4, 6-4, 6-4. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും സിന്നറിന് സ്വന്തം.

ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം പൊരുതി നേടിയ വിജയമായിരുന്നു സിന്നറിന്റെത്. ഇതോടെ, ഒരു മാസം മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരം വീട്ടുകയും ചെയ്തു സിന്നര്‍.

കഴിഞ്ഞ മാസം 8ന് ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തില്‍ പിന്നില്‍നിന്ന് തിരിച്ചടിച്ചാണ് കാര്‍ലോസ് അല്‍കാരസ് യാനിക് സിന്നറിനെ വീഴ്ത്തിയത്. ഇത്തവണ അതേ നാണയത്തിലായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ തിരിച്ചടി. അന്ന്, 5 സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് കിരീടം ചൂടിയതെങ്കില്‍, ഇത്തവണ നാലു സെറ്റിനുള്ളില്‍ സിന്നര്‍ വിജയിച്ചു.

ഗ്രാന്‍സ്ലാം ഫൈനലില്‍ കാര്‍ലോസ് അല്‍കാരിസിന്റെ ആദ്യ തോല്‍വിയാണിത്. 24 മത്സരങ്ങള്‍ നീണ്ട അല്‍കാരസിന്റെ അജയ്യമായ കുതിപ്പിനും ഇതോടെ വിരാമിട്ടു. ഹാട്രിക് കിരീടം മോഹിച്ചെത്തിയ കാര്‍ലോസ് അല്‍കാരസ് ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനലിന് ഇറങ്ങിയ യാനിക് സിന്നറിനെതിരെ ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പകിട്ടിനൊത്തുയര്‍ന്ന സിന്നര്‍ രണ്ടാം സെറ്റില്‍ തുടക്കത്തിലെ അല്‍കാരസിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തി. പിന്നീട് ആധിപത്യം നഷ്ടമാകാതെ സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.

പിന്നീട് നിര്‍ണായക ബ്രേക്ക് പോയന്റുകള്‍ നേടിയും നീണ്ട റാലികള്‍ ജയിച്ചും പിഴവുകള്‍ മുതലെടുത്തും സിന്നര്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ വിംബിള്‍ഡണില്‍ ഹാട്രിക് കിരീടമെന്ന അല്‍കാരസിന്റെ മോഹങ്ങള്‍ സെന്റര്‍ കോര്‍ട്ടില്‍ തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ നേടി സിന്നര്‍ കിരീടത്തില്‍ മുത്തമിട്ടു. സിന്നറുടെ കരിയറിലെ നാലാം ഗ്രാന്‍സ്ലാം കിരീടമാണിത്.

വിമ്പിള്‍ഡനില്‍ ഹാട്രിക് കിരീടം, ചാനല്‍ സ്ലാം (ഒരേ വര്‍ഷം ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ഡനും നേടുന്നതാണ് ചാനല്‍ സ്ലാം) എന്നീ നേട്ടങ്ങളും ഈ തോല്‍വിയോടെ അല്‍കാരസ് കൈവിട്ടു. ഈ മത്സരത്തിനു മുന്‍പ് കണ്ടുമുട്ടിയ 12 മത്സരങ്ങളില്‍ സിന്നറിനെതിരെ അല്‍കാരസിനുണ്ടായിരുന്ന 84ന്റെ മേധാവിത്തവും ഇത്തവണ ഗുണം ചെയ്തില്ല.

Related Articles
Next Story
Share it